24 November Tuesday

വിജയഗാഥ തീർത്ത്‌ കൃഷിയിലെ പെൺപെരുമ

ബേബിലാൽUpdated: Saturday Oct 24, 2020

പ്രീതി സംഘവും കൃഷിയിടത്തിൽ

 
രാജാക്കാട്
കാർഷികരംഗത്ത് വേറിട്ട വിജയഗാഥ രചിച്ച്‌ പ്രീതി വനിതാസംഘം. മണ്ണിലൂടെയെത്തുന്ന കുമിൾരോഗങ്ങൾക്ക് പരിഹാരമായി സ്വന്തമായി ട്രൈക്കോഡെർമ മിത്രകുമിൾ നിർമിച്ചാണ്‌ ഇവർ ശ്രദ്ധേയമാകുന്നത്. 2012-ൽ 12 അംഗങ്ങൾ ചേർന്ന് രൂപീകരിച്ച സംഘം വളരെ പെട്ടെന്നാണ് കാർഷികമേഖലയിൽ വലിയ പ്രതീക്ഷയായി മാറിയത്. കുമിൾരോഗങ്ങൾ നട്ടുനനച്ചുണ്ടാക്കിയ പയറിനെയും പാവലിനെയുമൊക്കെ നശിപ്പിച്ചപ്പോഴാണ് മിത്രകുമിളിലേക്ക് ഇവരുടെ ശ്രദ്ധ തിരിയുന്നത്. 
 അത് ഇവരുടെയും മറ്റ്‌ കർഷകരുടെയും പച്ചക്കറി കൃഷിക്കുള്ള മൃതസഞ്ജീവനിയായി മാറി. കുമിൾരോഗങ്ങളെ നിയന്ത്രിക്കാൻ മിത്രകുമിളായ ട്രൈക്കോഡെർമ ചെടികൾക്ക് രോഗപ്രതിരോധ ശക്തി നൽകും. നിമാവിരയെ നിയന്ത്രിക്കാനും ഫലപ്രദമാണിത്. ട്രൈക്കോഡെർമ നിർമാണ യൂണിറ്റുവഴി കുറഞ്ഞ ചെലവിൽ മിത്രകുമിളിന്റെ ലഭ്യത കൃത്യമായും പ്രാദേശികമായും ഉറപ്പുവരുത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വനിതകൾ.  ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റിൽനിന്നാണ് അംഗങ്ങൾ മിത്രകുമിൾ നിർമാണത്തിൽ പരിശീലനം നേടിയത്. ജൈവകീടനാശിനികൾ ശേഖരിച്ചുവയ്ക്കാനുള്ള പ്രത്യേക സംവിധാനം പ്രധാന ആകർഷണമാണ്. 
   സ്വന്തവും പാട്ടത്തിനെടുത്തതുമായ കൃഷിഭൂമിയും മഴമറയും ഇവർക്കുണ്ട്. ഇതുമൂലം എല്ലാക്കാലത്തും പച്ചക്കറി ഉൽപ്പാദിപ്പിക്കാൻ കഴിയും. കപ്പ, നേന്ത്രവാഴ, കൂർക്ക, ഇഞ്ചി, മഞ്ഞൾ, തക്കാളി, പാവൽ, പയർ, തൊവര എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന വിധത്തിൽ വർഷത്തിൽ മുടക്കമില്ലാതെ തൊഴിൽ ഉറപ്പാക്കാനും ഈ കൂട്ടായ്‌മയ്‌ക്ക്‌ കഴിയുന്നു. നൂറുരൂപ വീതം ഷെയർ നൽകി തുടങ്ങിയ സംഘം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഉയർച്ചയുടെ പടവുകൾ കയറുമ്പോൾ അതൊരു കൂട്ടായ്‌മയുടെ തിളക്കമുള്ള വിജയഗാഥയാവുകയാണ്. ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി ഇൻപുട്ട് സെന്ററും ഇവിടെയുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top