തൊടുപുഴ
നാലുമണി കാറ്റേറ്റ് വഴിയോരക്കാഴ്‌ചകളും കണ്ട് കലക്കനൊരു ചായ കുടിക്കണോ.. എങ്കിൽ തൊടുപുഴ മങ്ങാട്ടുകവലയിലെ ‘ചായ് സ്‌ക്വയറിൽ’ ധൈര്യമായി കയറിക്കോ, ഒന്നും രണ്ടുമല്ല 23 ഇനം വെറൈറ്റി ചായ രുചികളാണ് ചായപ്രേമികളെ കാത്തിരിക്കുന്നത്.
മറ്റൊരു പ്രത്യേകതകൂടിയുണ്ട്, ഇവിടെ മൂന്നിനം ചായ കുടിച്ചാൽ കപ്പ് തിരിച്ചുകൊടുക്കേണ്ട. അതുകൂടി അകത്താക്കാം. ബിസ്‌കറ്റ് ടീ, ബിസ്‌ക്കറ്റ് ബൂസ്‌റ്റ്, ബിസ്‌കറ്റ് ഹോർലിക്‌സ് ചായക്കപ്പുകളാണ് കഴിച്ചിട്ട് പോരാൻ കഴിയുക.
വെറും 10 രൂപയുള്ള സമോവർ ടീ മുതൽ 40 രൂപ വിലയുള്ള സാഫ്‌റോൺ ടീ വരെയുള്ള രുചിവൈവിധ്യങ്ങളുടെ നീണ്ടനിരയാണിവിടെ. മസാല ടീ, കാർഡമം ടീ, ജിഞ്ചർ ടീ, ഗോൾഡൻ മിൽക്ക്, ഹോട്ട് ചോക്കലേറ്റ്, സ്‌പെഷ്യൽ ബൂസ്‌റ്റ്, സ്‌പെഷ്യൽ ചോക്കലേറ്റ്, മിന്റ് ബ്ലാക്ക് ടീ, തുളസി ബ്ലാക്ക് ടീ, സ്പെഷ്യൽ സുലൈമാനി, ബ്രൂ കോഫി എന്നിവയാണ് പ്രധാന ഇനങ്ങൾ.
ഒരു മാസം മുമ്പാണ് തൈപ്പറമ്പിൽ അസ്‌ലം സഹോദരന്മാരായ നബീദ്, ഷെബിൻ എന്നിവരുമായിചേർന്ന് ചായക്കട തുടങ്ങിയത്. മെഡിക്കൽ റപ്പായിരുന്ന അസ്‌ലമാണ് സ്വയംതൊഴിൽ എന്ന നിലയിൽ സംരംഭത്തിന് തുടക്കമിട്ടത്. സഹായത്തിന് കരിമണ്ണൂർ സ്വദേശി എബിനുമുണ്ട്.
കേരളത്തിൽ പല ഇടങ്ങളിലും ഇത്തരം കടകളുണ്ടെങ്കിലും ഇടുക്കി ജില്ലയിൽ ആദ്യമാണെന്നാണ് ഇവരുടെ അവകാശ വാദം. ദിവസവും പകൽ മൂന്നോടെ ആരംഭിക്കുന്ന ചായ വിൽപ്പന രാത്രി 11.30 വരെ തുടരും. ചായകൾക്കൊപ്പം വിവിവധയിനം ശീതളപാനീയങ്ങളും ഇവിടെ സുലഭം. ഇരുപത്തിമൂന്നിനം ചായകളിൽ ‘സ്‌പെഷ്യൽ ബൂസ്റ്റിനാണ്’ ഏറെ പ്രിയം.
റോഡ് വക്കിനോട് ചേർന്ന് സ്ഥലപരിമിതിയുണ്ടെങ്കിലും രുചിതേടിയെത്തുന്നവരെ നിരാശരാക്കാതെ വിളമ്പിനൽകുന്നതാണ് ഇവരുടെ പ്രത്യേകതകളിലൊന്ന്. ചുരുങ്ങിയ ചിലവിൽ ചായ കുടിക്കാമെന്നതിനാൽ സ്‌കൂൾ – -കോളേജ് കുട്ടികൾ, വഴിയാത്രക്കാർ, യുവാക്കൾ തുടങ്ങി എല്ലാവിഭാഗം ആളുകളും ഇവിടുത്തെ സന്ദർശകരാണ്. കോവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് നാട് മുക്തമായതോട കടയിൽ വരുമാനവും കൂടിതുടങ്ങി. സ്ഥാപനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവാക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..