22 September Sunday
നിർമാണം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌

പ്രളയം വന്നാലും പാലം കുലുങ്ങില്ല...

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

പെരിയവരൈ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു

മൂന്നാർ  
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെരിയവരൈ താൽക്കാലിക പാലത്തിന്റെ ബലപ്പെടുത്തൽ പ്രവൃത്തികൾ ദ്രുതഗതിയിൽ. ജിയോ ടെക്‌സ്റ്റൈൽ എന്ന ആധുനിക രീതിയിലുള്ള നിർമാണമാണ് നടക്കുന്നത്. 
പാലത്തിനുമുകളിൽ കയർ വസ്ത്രംവിരിച്ച് അതിനുമുകളിൽ 40 ഇഞ്ച് ഉയരത്തിൽ മണ്ണിട്ടുനികത്തി. തുടർന്ന്‌ മുകളിൽ വീണ്ടും കയർ വസ്ത്രം വിരിച്ചശേഷം 40 സെന്റിമീറ്റർ ഉയരത്തിൽ ജിഎസ്‌പി മിശ്രിതം നിരത്തി. വീണ്ടും കയർ വസ്ത്രം വിരിച്ച് മെറ്റലും സിമന്റും ഉപയോഗിച്ച് പെട്ടിയുടെ രൂപത്തിലാക്കും.
 എത്ര ശക്തമായ വെള്ളപ്പാച്ചിലിനെയും അതിജീവിക്കാൻ ഇങ്ങനെയുള്ള നിർമാണത്തിന്‌ കഴിയുമെന്ന്‌ അധികൃതർ പറഞ്ഞു. 2018ൽ ഉണ്ടായ പ്രളയത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം തകർന്നിരുന്നു. തുടർന്ന് പാലത്തിനു അരികിലായി താൽക്കാലിക പാലം നിർമിച്ചു. എന്നാൽ, വീണ്ടും പാലം തകരുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്‌തിരു‌ന്നു. ശക്തമായ മഴയിൽ ഗതിമാറി ഒഴുകുന്ന വെള്ളത്തെ അതിജീവിക്കാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിന്‌ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പണികൾ പൂർത്തിയാക്കി പാലം ഗതാഗതത്തിന്‌ തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top