20 September Friday

മാഹാമാരിയിലും തോൽക്കാതെ...

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
രാജാക്കാട്
പ്രളയത്തിൽ മടവീഴ്ചയുണ്ടായി മണലും ചെളിയും നിറഞ്ഞിട്ടും കർഷകർ പതറിയില്ല, അവർ കൂടുതൽ കരുത്തോടെ പ്രതികൂല കാലാവസ്ഥയോടും പടവെട്ടുകയാണ്‌. രാജകുമാരി പഞ്ചായത്തിലെ കണ്ടത്തിപ്പാലം പാടശേഖരത്തിലാണ്‌ മണലും ചെളിയും കയറി മൂടിയത്‌. എന്നാൽ, ദിവസങ്ങൾക്കുള്ളിൽതന്നെ മണലും ചെളിയും നീക്കംചെയ്‌ത്‌ കർഷകർ കൃഷി പുനരാരംഭിച്ചിരിക്കുകയാണ്. 
 കുടിയേറ്റ കാലം മുതൽ ഇന്നോളം നെൽകൃഷി മുടങ്ങാത്ത ഹൈറേഞ്ചിലെ പാടശേഖരമാണ് കണ്ടത്തിപ്പാലം.  അമിതമായ ഉൽപാദന ചെലവും കാലാവസ്ഥ വ്യതിയാനവുംമൂലം ഹൈറേഞ്ചിലെ കർഷകർ നെൽകൃഷിയിൽനിന്ന്‌ പിൻവാങ്ങിയപ്പോഴും ഇവിടുത്തെ കർഷകർ ലാഭനഷ്ടങ്ങൾ നോക്കാതെ കൃഷിയിറിക്കി. എന്നാൽ, കാലവർഷത്തിലെ ശക്തമായ മലവെള്ളപ്പാച്ചിലിൽ മഞ്ഞക്കുഴി തോട് കരകവിഞ്ഞ് മടവീഴ്ചയുണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ പ്രളയത്തിലും വ്യാപകമായി കൃഷി നശിച്ചിരുന്നു. ഇത്തവണ കൃഷി ആരംഭിക്കുന്നതിനുമുമ്പേ മഴയുണ്ടാകുകയും പാകപ്പെടുത്തിയ പാടശേഖരത്തിൽ മടവീഴ്ചയിൽ ചെളിയും മണലും നിറയുകയും ചെയ്തു. കർഷകർ കൂട്ടായി രംഗത്തിറങ്ങിയതോടെ മണലും ചെളിയും എളുപ്പത്തിൽ നീക്കി.
 എല്ലാ വർഷവും മുടങ്ങാതെ നടത്തുന്ന കൃഷിക്ക്‌ ഭീഷണിയായി നിൽക്കുന്നത് മടവീഴ്ച മാത്രമാണ്. സംരക്ഷണ ഭിത്തി നിർമിക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം. നാൽപ്പതേക്കറോളം വരുന്ന പാടശേഖരത്തിൽ മുപ്പതിലധികം വരുന്ന കർഷകരാണ് കൃഷി ചെയ്യുന്നത്‌. 
 
 
 
പ്രധാന വാർത്തകൾ
 Top