02 June Tuesday
കോവിഡ്‌ 19

52 ഫലങ്ങളും നെഗറ്റീവ്; നിരീക്ഷണത്തിൽ 643 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 

 
 ഇടുക്കി
കോവിഡ് 19 വ്യപകമാകുന്ന പശ്ചാത്തലത്തിൽ ജില്ലയ്‌ക്ക്‌ ആശ്വാസമായി പരിശോധന ഫലം. പുറത്തുവന്ന 52 പരിശോധന ഫലങ്ങളും നെഗറ്റീവ്. ജില്ലയിൽ നിലവിൽ ആശുപത്രിയിൽ മൂന്നും വീടുകളിൽ 640 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഞായറാഴ്ച അയച്ച മൂന്ന്‌ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. തിങ്കളാഴ്‌ച പുതുതായി 43 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞദിവസങ്ങളിൽ രോഗലക്ഷണങ്ങളുമായി വീടുകളിലും ആശുപത്രികളിലും കഴിയുന്ന ആരെയും നിരീക്ഷണത്തിൽനിന്ന്‌  ഒഴിവാക്കിയിട്ടില്ല.
 കോവിഡ്‌ 19 കൂടുതൽ ജില്ലകളിൽ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കലക്ടറേറ്റിൽ കലക്ടർ എച്ച് ദിനേശന്റെ അധ്യക്ഷതയിൽ ദുരന്ത പ്രതിരോധ അതോറിറ്റി യോഗം ചേർന്നു. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, മറയൂർ എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളിലെ പരിശോധന കർശനമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.  ലയങ്ങളിൽ താമസിക്കുന്നവർക്ക് ബോധവൽക്കരണം നൽകും. ഏന്തെങ്കിലും രോഗലക്ഷണമുള്ളവർ വീടുകളിൽതന്നെ കഴിയാനും നിർദേശിച്ചു. ഇവർക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റും വീടുകളിൽ എത്തിച്ചുനൽകും. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികളെ നിരീക്ഷണത്തിൽവച്ച് ഇവർക്ക് കൗൺസലിങ്‌ നൽകും. 
 മറ്റു ജില്ലകളിൽനിന്നെത്തുന്ന വാഹനങ്ങളടക്കം പരിശോധിച്ച് അണുവിമുക്തമാക്കും.  
 വിപണിയിൽനിന്ന് വാങ്ങുന്ന പായ്‌ക്കറ്റ്, കൊറിയർ വഴി വരുത്തുന്ന സാധനങ്ങൾ എന്നിവ 12 മണിക്കൂർ കഴിഞ്ഞ് ഉപയോഗിച്ചാൽ വൈറസിനെ പ്രതിരോധിക്കാൻ കഴിയും. ഇതിന് കഴിയില്ലെങ്കിൽ ഓരോ പായ്ക്കറ്റും തുറക്കുമ്പോഴും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. 60 വയസ്സ് കഴിഞ്ഞവരുടെയും മാറാവ്യാധികൾ ഉള്ളവരുടെയും പഞ്ചായത്ത് തലത്തിലുള്ള കണക്കെടുക്കും. ജില്ലയിൽ ഹിന്ദി, തമിഴ് ഭാഷകളിൽ ബോധവൽക്കരണ  പ്രചാരണം നടത്താനും സമിതി യോഗം തീരുമാനിച്ചു.
 യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ പൊലീസ് മേധാവി പി കെ മധു, ആർഡിഒ അതുൽ സ്വാമിനാഥ്, ഡിഎംഒ എൻ പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, വിവിധ വകുപ്പ് മേധാവികൾ, ആരോഗ്യവകുപ്പ്, ദുരന്ത പ്രതിരോധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 
 
 
പ്രധാന വാർത്തകൾ
 Top