28 February Sunday

മറയൂർ മലനിരകളിൽ മാൻകൂത്ത് നിറയാട്ടം

എസ്‌ ഇന്ദ്രജിത്ത്‌‌Updated: Wednesday Feb 24, 2021

മാൻകൂത്തിന് വേഷമണിഞ്ഞ കോമാളികൾ

മറയൂർ
മറയൂർ മലനിരകളിൽ അധിവസിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന്റെ മാൻകൂത്ത് എന്നുവിളിക്കുന്ന, ഒരാഴ്ച നീളുന്ന ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. തൈ പിറന്താൽ വഴി പിറക്കും(മകരമാസത്തിനാണ് തമിഴിൽ തൈമാസം എന്ന് പറയുന്നത്. പുത്തൻ പ്രതീക്ഷയായി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്നാണ് കാടിന്റെ മക്കളുടെ വിശ്വാസം) എന്ന വിശ്വാസത്തിൽ അധിഷ്ഠിതമായാണ് കുടികളിൽ ഉത്സവം ആരംഭിച്ചിരിക്കുന്നത്. പുലരുവോളം നീളുന്ന ആട്ടവും പാട്ടും ഉത്സവവും കാട്ടിലെ ഒറ്റപ്പെട്ട ജീവിതത്തുരുത്തുകളുടെ കൂടിച്ചേരൽ കൂടിയാണ്. ഒരു വർഷത്തെ കഠിനമായ ജീവിത യാതനകളിൽനിന്ന്‌ ആടിയും പാടിയും വിമുക്തി നേടിയെടുക്കുന്ന കാഴ്ച മറ്റുള്ളവർക്ക് മാതൃകയും ആനന്ദം ജനിപ്പിക്കുന്നതുമാണ്. 
 വൃദ്ധർ, ഭിന്നശേഷിക്കാർ ഉൾപ്പെടെ ഒന്നിച്ച് കുടിയുടെ കുലദൈവത്തിനു മുന്നിൽ ചുവടുവയ്‌ക്കുമ്പോൾ ഗ്രാമഹൃദയങ്ങളിൽ ഇനി വരുന്ന ഒരു വർഷം ജീവിക്കുന്നതിനുള്ള ഊർജമാണ് പുനർജനിക്കുന്നത്. വിവിധ വേഷങ്ങൾ ധരിച്ചെത്തുന്ന യുവാക്കൾ കോമാളിക്കൂട്ടമായി പ്രത്യേക ശബ്ദമുണ്ടാക്കി രാവും പകലും അരങ്ങ് കീഴടക്കും. 
മറയൂർ പഞ്ചായത്തിലെ നെല്ലിപ്പെട്ടി, തായണ്ണൻകുടി, മുളകാംപെട്ടികുടി എന്നിവിടങ്ങളിലാണ് നോമ്പിക്ക് തുടക്കമായത്. അടുത്തയാഴ്ച വെള്ളക്കല്ല്, പുതുക്കുടി കുടികളിൽ മാൻകൂത്ത് തുടങ്ങും. വിവിധ വേഷങ്ങൾ ധരിക്കുന്ന യുവാക്കൾ മാൻകൂത്ത് കഴിയാതെ വേഷം അഴിക്കാറില്ല. മറ്റു കുടികളിലെ ഉറമുറക്കാരെന്നു വിളിക്കുന്ന ബന്ധുക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും വിരുന്നാളികളായി എത്തും. ആട്, കോഴി എന്നിവയടക്കമുള്ള വിരുന്ന് നൽകും. പ്രകൃതിയെ ദേവിയായി ആരാധിക്കുന്ന, സൂര്യദേവന്റെ മക്കളാണ് എന്നു കരുതുന്ന ഈ വിഭാഗക്കാർ പുലർച്ചെ സൂര്യനമസ്‌കാരം ചെയ്‌താണ് ദിനചര്യ ആരംഭിക്കുന്നത്. ഇതിനാൽ ഇവരെ സൂര്യപുത്രൻമാർ എന്നാണ്‌ വിളിച്ചുവരുന്നത്. ആദിവാസി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുലരുംവരെ കോളനിക്കാർ ക്ഷേത്രത്തിനു മുന്നിലെ ആഴിക്കുചുറ്റും നൃത്തമാടുന്നു. മുമ്പ്‌ സ്ത്രീകൾ രംഗത്തിറങ്ങുന്നത് കുറവായിരുന്നു. എന്നാൽ ഇന്ന് ഇവരുടെ പങ്കാളിത്തം കൂടിവരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top