04 June Thursday

ഊർജസംരക്ഷണത്തിലെ വാത്തിക്കുടിപ്പെരുമ

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

 

 
ചെറുതോണി
കടംകയറി മുടിയുന്നവർ സ്ഥലംവിറ്റ്‌ കുടിയേറുന്ന സ്ഥലം, ഓണംകേറാമൂല തുടങ്ങിയ പരിഹാസങ്ങളൊക്കെ മാഞ്ഞു. ഇന്ന് 400 കോടിയുടെ വികസനപ്രഭയിൽ വാത്തിക്കുടി പഞ്ചായത്ത് മലയോരജനതയുടെ അഭിമാനമായി മുന്നേറുകയാണ്‌.
സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഊർജസംരക്ഷണ പഞ്ചായത്തായി സർക്കാർ ഉയർത്തി. 6,000 എൽഇഡി ബൾബുകളാണ്‌ നൽകിയത്‌. കുറഞ്ഞ ഊർജത്തിൽ പ്രവർത്തിക്കുന്ന ഫാനും എൽഇഡി ബൾബും മുഴുവൻ സ്ഥാപനങ്ങളിലും നൽകി. 350 തെരുവുവിളക്കുകൾ എൽഇഡി ആക്കി. 10 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് ഓഫീസ് പൂർണമായും സൗരോർജ സംവിധാനമാക്കി. 55 വർഷം മുടങ്ങിക്കിടന്ന ചിന്നാർ ജലവൈദ്യുത പദ്ധതി പുനരുജീവിപ്പിക്കാനായത്‌ ശ്രദ്ധേയമായ മറ്റൊരു നേട്ടമാണ്‌. മന്ത്രി എം എം മണി പദ്ധതിക്കായി 270 കോടിയുടെ ഭരണാനുമതി ലഭ്യമാക്കി. 94 കോടിയുടെ ആദ്യഘട്ടപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 24 മെഗാവാട്ട് വൈദ്യുതിയാണ്‌ ലക്ഷ്യം. 19 വർഷം മുടങ്ങിക്കിടന്ന പടമുഖം സബ്സ്റ്റേഷൻ നിർമാണം ആരംഭിക്കാനായി. 66 കെവി സബ്‌സ്‌റ്റേഷൻ 110 കെവിയാക്കി ഉയർത്തി. 
     സിപിഐ എമ്മിലെ പി കെ രാജു നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ഭാഗ്യമായത്‌ വാത്തിക്കുടിക്കാണ്. തനത്ഫണ്ടും പദ്ധതി വിഹിതവും കൊണ്ടുമാത്രം 18 വാർഡുള്ള വമ്പൻ പഞ്ചായത്തിൽ ഒന്നുമാവില്ല എന്ന തിരിച്ചറിവിൽനിന്നാണ് ഭരണസമിതി വിവിധ സർക്കാർ വകുപ്പുകളിലെ ഫണ്ടുകളുടെ ഏകോപനം കൃത്യമായി നിർവഹിച്ചത്. 
മികച്ച തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതിന് 2016 ലും 2017 ലും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 35 ഭിന്നശേഷി കുട്ടികൾക്കായി രാജമുടിയിൽ ബഡ്സ്‌ സ്കൂൾ തുടങ്ങി. ആറ്‌ അങ്കണവാടികൾക്ക് പുതിയകെട്ടിടം പണിത് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പരിഗണന നൽകി. 30 അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടമുണ്ട്‌.  
 
 
പ്രധാന വാർത്തകൾ
 Top