30 November Monday

പറ നിറയെ റാഗി, മനം നിറഞ്ഞ്‌ കുടികളും

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

ചെമ്പകത്തൊഴുക്കുടിയിൽ റാഗി വിളവെടുക്കുന്നവർ

 രാജാക്കാട്‌

ആദിവാസി ഗോത്രഗ്രാമമായ ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടിയിൽ ദശകങ്ങൾക്ക് ശേഷം നടത്തിയ റാഗി(കുറുമ്പുല്ല്) കൃഷിയിൽ നൂറുമേനി വിളവ്. പച്ചപ്പുൽക്കുടി, ടാങ്കുകുടി തുടങ്ങിയ സമീപ കുടികളും കാലഹരണപ്പെട്ട തങ്ങളുടെ പരമ്പരാഗത വിള മടക്കി കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ്. കൃഷിഭവന്റെ സഹായത്തോടെയായിരുന്നു കൃഷിയിറക്കിയത്. 
നാനൂറോളം ആദിവാസി കുടുംബങ്ങളാണ് പ്രദേശത്തെ നാലു കുടികളിലായി താമസിക്കുന്നത്. ഇവരുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമായിരുന്നു നാൽപ്പതോളം വർഷം മുമ്പുവരെ റാഗി. മലമടക്കുകളിൽ പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പൊരുതി ജൈവ രീതിയിലായിരുന്നു കൃഷിയിറക്കിയിരുന്നത്. എന്നാൽ, കാട്ടാനയുൾപ്പെടെ കൃഷി നശിപ്പിക്കുകയും ചെയ്‌തതോടെ റാഗി കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. കാലക്രമേണ തനത് ഭക്ഷണ സംസ്കാരത്തിൽനിന്ന്‌ നാടൻ രീതിയിലേക്ക്‌ മാറാൻ നിർബന്ധിതരായെങ്കിലും തങ്ങളുടെ സ്വന്തം വിളകൾ മടക്കിക്കൊണ്ടുവരുമെന്ന നിശ്ചയദാർഢ്യത്തിലായിരുന്നു ഇവർ. ഈ സമയത്താണ് സഹായവുമായി കൃഷിഭവൻ എത്തിയത്. യുഎൻഡിപി പദ്ധതി പ്രകാരം അട്ടപ്പാടിയിൽനിന്ന്‌ തനത് ഇനം 60 കിലോ വിത്ത് എത്തിച്ചുനൽകി. 
 ഇതിന് പുറമെ ഹെക്ടറിന് 30,000 രൂപ പ്രകാരം സബ്സിഡിയും അനുവദിച്ചു. വർഷങ്ങളായി തരിശായിരുന്ന മലഞ്ചെരിവുകൾ ഇതോടെ വീണ്ടും കൃഷിയിടങ്ങളായി. കാട്ടുമൃഗങ്ങൾ നശിപ്പിക്കാതിരിക്കാൻ കാവലിരുന്നു. കൃഷിഭവന്റെ നിർദേശപ്രകാരമുള്ള പരിപാലനം കൂടിയായതോടെ നാലാംമാസം വിളവെടുക്കാൻ പാകത്തിനായി. ആദ്യ കൃഷിയിൽത്തന്നെ മികച്ച വിളവാണ് ലഭിച്ചത്. വിളവെടുപ്പുത്സവത്തിന് കൃഷി ഓഫീസർ ബെന്നി വർഗീസ്, അസി. കൃഷി ഓഫീസർ എം എസ് സന്തോഷ്, കൃഷി അസി. ടി യു സാജിത, ഊരുമൂപ്പൻ ചെല്ലൻ, ഊരുതലവൻ മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നും കൃഷി മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top