30 November Monday

മൂന്നാറിൽ മുന്നേറാൻ എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
മൂന്നാർ
കഴിഞ്ഞതവണ നഷ്ടപ്പെട്ട മൂന്നാർ ഡിവിഷൻ എന്തു വിലകൊടുത്തും തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. മണ്ഡലത്തിൽനിന്ന്‌ വിജയിച്ചുപോയ യുഡിഎഫ് സ്ഥാനാർഥി തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടത്‌ ഉയർത്തിയാണ്‌ എൽഡിഎഫ്‌ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. നാലരവർഷം എൽഡിഎഫ് സർക്കാർ നടത്തിയ ജനക്ഷേമകരമായ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകും.
തോട്ടം, കാർഷികം, ആദിവാസി മേഖലകൾ ഉൾപ്പെട്ട ഡിവിഷനിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ജില്ലാ പഞ്ചായത്തംഗത്തിന്‌ കഴിഞ്ഞില്ലെന്നുള്ളത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ്‌ യുഡിഎഫ്‌ ക്യാമ്പ്‌. 2015 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി ഒമ്പതിനായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു. അന്ന്‌ 580 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വിജയകുമാർ വിജയിച്ചത്‌. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ഇത്തരം സാഹചര്യങ്ങൾ ഇല്ലാത്തത്‌ എൽഡിഎഫ്‌ ക്യാമ്പിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു.  
 എൽഡിഎഫ് ഇക്കുറി സ്ഥാനാർഥിയായി രംഗത്തിറക്കിയിട്ടുള്ളത് അഡ്വ. എം ഭവ്യയെയാണ്. 12 വർഷമായി അഭിഭാഷക ജോലി ചെയ്തുവരുന്നു. ജില്ലാ വനിത കമീഷൻ അഭിഭാഷക പാനൽ അംഗവും സിപിഐ മൂന്നാർ ലോക്കൽ കമ്മിറ്റിയംഗവുമാണ്‌. സിപിഐ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി പി മുത്തുപ്പാണ്ടിയുടെ മകളാണ്. എഐവൈഎഫ് ജില്ലാ പ്രസിഡന്റ്‌ എസ് പി കണ്ണനാണ്‌ ഭർത്താവ്‌. ജെ പ്രഭാവതിയാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി ആതിര ജയനാണ് മത്സരിക്കുന്നത്. മൂന്നാർ, പള്ളിവാസൽ, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകൾ പൂർണമായും ദേവികുളം പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെടുന്ന പ്രദേശമാണ് മൂന്നാർ ജില്ലാ ഡിവിഷൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top