മറയൂർ
തായണ്ണൻ കൂടിയിലെ കാർഷിക പെരുമ രാജ്യത്തിനഭിമാനം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തനത്ചെറുവിത്തിനങ്ങൾ ഡൽഹിയിലെ രാജ്യന്തരമേളയിലും ശ്രദ്ധനേടി. പുനർജീവനം പദ്ധതിയിലൂടെ ആദിവാസിവിഭാഗങ്ങൾക്കിടയിൽ നിന്നും പടിയിറങ്ങിയ വിത്തിനങ്ങൾ വീണ്ടെടുക്കാനായി. ഭൂമുഖത്ത് നിന്ന് അന്യംനിന്നുപോകുമായിരുന്ന വിവിധയിനം റാഗി, ചോളം, വരഗ് ഉൾപ്പെടെ മുപ്പതിനങ്ങളാണ് വീണ്ടെടുത്തത്.
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്തർദേശിയ പ്രദർശനമായ ‘ട്രിറ്റി ഓൺ പ്ലാന്റ് ജനിറ്റിക്ക് റിസോഴ്സ് ഫോർ ഫുഡ് ആൻഡ് അഗ്രികൾച്ചർ എക്സ്പോയിലാണ് തായണ്ണംകുടിയിലെ ചെറുധാന്യങ്ങൾ പ്രദർശിപ്പിക്കുന്നത്. തായണ്ണൻകുടി കാണിചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിൽ പങ്കെടുക്കുന്നത്. 18ന് തുടങ്ങിയ പ്രദർശനം വെളളിയാഴ്ച സമാപിക്കുമ്പോൾ തായണ്ണൻ കുടിയിലെ പരമ്പരാഗത ചെറുവിത്തുകൾ ലോകത്തിന് തന്നെ വിസ്മയമാവുകയാണ്.
റാഗികൾ 15 ഇനം
മഴനിഴൽ പ്രദേശമായ ചിന്നാർ വന്യജീവി സങ്കേതത്തിലെ മുതുവാന്മാർ ഒരുകാലത്ത് വിളയിച്ചത് പതിനഞ്ചിനം റാഗികളായിരുന്നു. വെള്ള റാഗി, മട്ടതേങ്ങൻ റാഗി, വെള്ളക്കിനി, പാലക്കിനി, മുട്ടി റാഗി, റൊട്ടി റാഗി, പച്ചമുട്ടി റാഗി, ചോലകമ്പിളി റാഗി, അരക്കനാച്ചി റാഗി, കറുപ്പ് റാഗി, കാടമ്പാറ റാഗി, മീൻ കണ്ണി, പൂവൻ റാഗി, കരിമുട്ടി റാഗി, നീലക്കണ്ണി റാഗി തിന, ചാമ എന്നിവയാണുള്ളത‍്. കൂടാതെ വരഗ് വർഗങ്ങളായ കുതിരവാലി, പുല്ലുതിന, കമ്പൻ തിന, മുളിയൻ തിന, പുല്ലു ചാമ, വെള്ളതിന, കരുവരഗ, വെള്ളവരഗ് ഇവയെല്ലാം സഞ്ചാരികൾക്കും ഗവേഷകരെയും ആകർഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..