21 October Wednesday
ആദിവാസി വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ തുറന്നു

പഠിക്കാം ഉല്ലസിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

ഇരുമ്പ്പാലത്തു ട്രൈബൽ ഹോസ്റ്റൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു

 അടിമാലി

പട്ടികവർഗ വികസനവകുപ്പ് ആദിവാസി വിദ്യാർഥികൾക്കായി അടിമാലി ഇരുമ്പുപാലത്ത് നിർമിച്ച ഹോസ്റ്റൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. എസ് രാജേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. ഇരുമ്പുപാലത്ത് പഴയ ഹോസ്റ്റലിനോട് ചേർന്നാണ് ആധുനിക സൗകര്യങ്ങളോടെ ബഹുനില മന്ദിരം നിർമിച്ചത്. വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച പഴയ ഹോസ്റ്റൽ അസൗകര്യങ്ങളുടെ നടുവിലായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് കെട്ടിടനിർമാണം ആരംഭിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ കെട്ടിടനിർമാണം പൂർത്തീകരിക്കാതെ ജോലികൾ മന്ദഗതിയിലാക്കി. പിന്നീട് മന്ത്രി എം എം മണിയും എസ് രാജേന്ദ്രൻ എംഎൽഎയും മുൻകൈയെടുത്താണ് നിർമാണം വേഗത്തിലാക്കിയത്‌. 
    150 കുട്ടികൾക്ക് താമസിക്കാൻ കഴിയുംവിധമുള്ള കെട്ടിടത്തിന്‌ 5.3 കോടിയാണ് നിർമാണ ചെലവ്. നാല് നിലകളിലായി 25,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം പൂർത്തീകരിച്ചത്. ഓരോ നിലയിലും പഠനമുറിയും കിടപ്പുമുറികളുമുണ്ടാകും. ഇതോടെ താലൂക്കിലെ വിദൂര ആദിവാസി ഗ്രാമങ്ങളായ കൊറത്തികുടി, കൊടകല്ല്, മാങ്കുളം, ഇടമലക്കുടി, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽനിന്നുള്ള കുട്ടികളുടെ താമസവും വിദ്യാഭ്യാസവും സുഗമമാകും. ചടങ്ങിൽ ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ, എകെഎസ് ജില്ലാ സെക്രട്ടറി എ കെ ബാബു, പട്ടികജാതി ജില്ലാതല ഉപദേശക സമിതിയംഗം ടി കെ സുധേഷ് കുമാർ, പഞ്ചായത്തംഗം സുമേഷ് തങ്കപ്പൻ, എം പി അലിയാർ, പി പി സാബു, സി ഡി ഷാജി, ഊരുമൂപ്പൻമാരായ മായണ്ടി, ഗോപി, അരുൺ എന്നിവർ സംസാരിച്ചു. ടിഡിഒ എസ് സന്തോഷ് കുമാർ നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top