11 October Friday
കുരുക്കഴിക്കുന്നത് എൽഡിഎഫ് സർക്കാർ

സിഎച്ച്ആർ: പ്രതികൂല നിലപാട് 
സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകൾ

സ്വന്തം ലേഖകൻUpdated: Friday Aug 23, 2024

 

ഇടുക്കി 
ഏലമലക്കാടുകൾ(സിഎച്ച്ആർ) വനമാക്കിയത്‌ എൽഡിഎഫ് സർക്കാരാണെന്ന പ്രചാരണം വസ്തുതാവിരുദ്ധം. വിവിധ ഘട്ടങ്ങളിൽ അധികാരത്തിലിരുന്ന കോൺഗ്രസ്, യുഡിഎഫ് സർക്കാരുകളാണ് കർഷകരെ കുടിയൊഴിപ്പിക്കുക ലക്ഷ്യം വച്ച് ആസൂത്രിതമായി പ്രവർത്തിച്ചിട്ടുള്ളത്. യുഡിഎഫ്‌ സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകളാണ്‌ പ്രതികൂലമായി ബാധിച്ചത്‌. 
വൺ എർത്ത്‌ വൺ ലൈഫ്‌ എന്ന പരിസ്ഥിതി സംഘടന സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക്‌(സിഇസി) ഏലമലക്കാടുകളാകെ വനമാണെന്ന്‌ പരാതി നൽകിയിരുന്നു. 1980ലെ വനനിയമത്തിന് കീഴിൽ വരുന്ന പ്രദേശമാണെന്നും 1897ൽ രാജ വിളമ്പരത്തിലൂടെ റിസർവ് വനമാക്കി പ്രഖ്യാപിച്ച പ്രദേശമാണെന്നുമായിരുന്നു ഇവരുടെ വാദം. ഇതേ തുടർന്ന്‌ സിഇസി കക്ഷികൾക്ക് നോട്ടീസ് അയച്ചു. 2004 ൽ നാല് തവണയും 2005 ൽ ഒരു തവണയും സിഇസി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചെങ്കിലും ഉമ്മൻചാണ്ടി സർക്കാർ മറുപടി നൽകിയില്ല. സിഎച്ച്ആർ റവന്യു ഭൂമിയാണെന്നും മരങ്ങളുടെ സംരക്ഷണ ചുമതല മാത്രമാണ് വനംവകുപ്പിനുള്ളതെന്നും സിഇസിയെ ബോധ്യപ്പെടുത്താൻ അന്നത്തെ സർക്കാർ തുനിഞ്ഞില്ല. 
2006 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ആര്യാടൻ മുഹമ്മദ്‌, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡീഷണൽ ചീഫ് സെക്രട്ടറി, ലോ സെക്രട്ടറി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 1980-ലെ വനസംരക്ഷണ നിയമത്തിന്റെ പ്രത്യേക പരാമർശത്തോടെ, കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമായ വ്യവസ്ഥകൾ ഉണ്ടാക്കുന്നതായിരുന്നു. വനംവകുപ്പിനും റവന്യു വകുപ്പിനും അഭിപ്രായഭിന്നതയുള്ളതിനാൽ 1977 ജനുവരി ഒന്നിന് മുമ്പ്, വനനിയമത്തിന്റെ പരിതിയിൽപ്പെട്ട സ്ഥലമാണെന്ന കാരണത്താൽ കേന്ദ്രത്തിൽനിന്ന് അനുവാദം വാങ്ങി പട്ടയം കൊടുത്ത പ്രദേശങ്ങൾക്ക് കുടിയേറ്റ ക്രമീകരണ നിയമത്തിന് കോട്ടംതട്ടാതെ റിപ്പോർട്ട് കൊടുക്കാൻ ലോ സെക്രട്ടറിയോട് നിർദേശിക്കുകയാണ് ഇവർ ചെയ്തത്.
-അന്ന്‌ മന്ത്രിയായിരുന്ന ടി എം ജേക്കബ് 2005 ഡിസംബർ 12ന്‌ അന്നത്തെ ഗവർണർ ആർ എൽ ഭാട്ടിയയ്ക്ക് നൽകിയ കത്തിൽ ഇടുക്കിയിലെ സിഎച്ച്ആർ റിസർവ് വനം റവന്യു ഭൂമിയാക്കാൻ ഗൂഢാലോചന നടക്കുന്നെന്നാണ്‌ പരാമർശം. ഏതാണ്ട് 3000 കോടി രൂപ വിലവരുന്ന തടിയും മറ്റ് സ്വത്തുക്കളും എസ്റ്റേറ്റ് മാഫിയക്ക് തീറെഴുതുകയാണെന്നും കത്തിൽ പറയുന്നു. 
സിഎച്ച്ആർ വനമാണ് എന്നതായിരുന്നു ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്‌, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരുടെ പ്രഖ്യാപിത നയം. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ റിപ്പോർട്ട് കൊണ്ടു വരിക, കപട പരിസ്ഥിതി വാദികൾക്ക് ഒത്താശ ചെയ്യുക, ഒളിഞ്ഞും തെളിഞ്ഞും നേതാക്കൾ കോടതികളിൽ കർഷകർക്കെതിരായി കക്ഷിചേരുക, തീവ്ര വനനിയമങ്ങൾ അടിച്ചേൽപ്പിക്കുക തുടങ്ങിയ നയങ്ങൾ സ്വീകരിച്ചത് കോൺഗ്രസാണ്. യുഡിഎഫ് വരുത്തിവച്ച കുരുക്കുകൾ അഴിക്കാൻ വിവിധ തലങ്ങളിൽ പരിശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. സിഎച്ച്ആർ കേസിൽ ആദ്യത്തെ സത്യവാങ്മൂലം സിഇസിക്ക്‌ സമർപ്പിക്കുന്നത്‌ 2007ൽ എൽഡിഎഫ് സർക്കാരാണ്. സിഎച്ച്ആർ റവന്യു ഭൂമിയാണെന്ന് അതിൽ വ്യക്തമായി പറയുന്നു. പിന്നീട് 2023ലും 2024ലും നൽകിയ സത്യവാങ്മൂലത്തിലും എൽഡിഎഫ്‌ സർക്കാരിന്‌ ഇതേ നിലപാടാണ്‌. സിഎച്ച്ആർ റവന്യു ഭൂമിയാണെന്നും മരങ്ങളുടെ സംരക്ഷണ ചുമതലമാത്രം വനംവകുപ്പിനും റവന്യുവിനും സംയുക്തമായിട്ടാണെന്നുമാണ്‌ സർക്കാർ നയം. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് നേതാക്കൾ നിരന്തരം ഇടപെട്ടു. ഒട്ടേറെ പ്രശ്നങ്ങൾക്ക് ഇതിനോടകം പരിഹാരം കാണാനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top