15 September Sunday
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

കുട്ടികള്‍ കുറഞ്ഞ വിദ്യാലയങ്ങളെ കൈപിടിച്ചുയർത്താൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ശിൽപശാല വിദ്യാഭ്യാസ വിദഗ്‌ധൻ ഡോ. രതീഷ് കാളിയാടൻ ഉദ്ഘാടനം ചെയ്യുന്നു

 

തൊടുപുഴ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകളുടെ ശാക്തീകരണത്തിനായി നടപ്പാക്കുന്ന രണ്ടാംഘട്ട ബ്ലോക്ക്‌തല ശിൽപശാലകൾക്ക് തൊടുപുഴയിൽ തുടക്കം. എല്ലാ പൊതുവിദ്യാലയങ്ങളിലും മതിയായ എണ്ണം കുട്ടികളെ എത്തിക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. 
സ്‌കൂൾ തലത്തിൽ കുട്ടികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂൾ പിടിഎ, എസ്എംസി മുതലായ സംവിധാനങ്ങളുടെയും ഫലപ്രദമായ ഏകോപനത്തിലൂടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇടപെടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയും പഠനാന്തരീക്ഷം, ഭൗതികസാഹചര്യങ്ങൾ, സാങ്കേതിക പഠനരീതികൾ മുതലായവ മെച്ചപ്പെടുത്തും. 
 ആദ്യഘട്ടത്തിൽ കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം ബ്ലോക്കുകളിലായി നടത്തിയ ശിൽപശാലകളുടെ തുടർച്ചയായാണ് തൊടുപുഴ, കരിമണ്ണൂർ, അടിമാലി, അറക്കുളം ബ്ലോക്കുകളിൽ മൂന്നുദിവസങ്ങളിലായി നടക്കുന്നത്. ഓരോ സ്‌കൂളിൽനിന്ന്‌ പിടിഎ പ്രസിഡന്റ്, പ്രധാനാധ്യാപകർ,  എസ്ആർജി കൺവീനർ എന്നിവർ പങ്കെടുക്കും. ശിൽപശാലയെ തുടർന്ന് ഇത്തരം വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങളും പദ്ധതികളും പ്രത്യേകമായി ആസൂത്രണം ചെയ്യും.
പുതിയ ആശയങ്ങളുടെയും അനുഭവങ്ങളുടെയും പിന്തുണയോടെ പുതുക്കുന്ന അക്കാദമിക മാസ്റ്റർ പ്ലാനുകളെ അടിസ്ഥാനപ്പെടുത്തി ഓരോ സ്‌കൂളും അക്കാദമിക വർഷത്തിന്റെ അവസാനംവരെ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ നിശ്ചയിച്ച് സ്‌കൂൾതല കലണ്ടർ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ ഓഫീസർമാർ, ഡയറ്റ്, സമഗ്രശിക്ഷ കേരള മുതലായ സംവിധാനത്തിലൂടെ നടത്തുന്ന സുസ്ഥിരമായ മേൽനോട്ടത്തിൽ പദ്ധതിയുടെ നടത്തിപ്പ് വിവിധ ഘട്ടങ്ങളിൽ വിലയിരുത്തും. 
ശിൽപശാല തൊടുപുഴ ഡയറ്റ‌് ഹാളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ വിദഗ‌്ധൻ ഡോ. രതീഷ് കാളിയാടൻ ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ ഗീത അധ്യക്ഷയായി. ഡയറ്റ് പ്രിൻസിപ്പൽ കെ എൻ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ശിൽപശാലകളുടെ ഏകോപന ചുമതല വഹിക്കുന്ന മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എ ബിനുമോൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡെയ്സി ജോസഫ്, തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ എൻ അപ്പുണ്ണി, തൊടുപുഴ ബിപിഒ സിബി കുരുവിള, കരിമണ്ണൂർ ബിപിഒ ബിജു സ്കറിയ, ഡയറ്റ് ഫാക്കൽറ്റി അനിരുദ്ധൻ എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top