19 July Friday

കാട്ടുപോത്തിന്റെ ആക്രമണത്തിൽ 2 തൊഴിലാളികൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019
കുമളി
കുമളിക്കുസമീപം മുല്ലയാറ്റിൽ പെരിയാർ ടൈഗർ റിസർവിനോട് ചേർന്നുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികൾക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്ക‌്. ശനിയാഴ്ച രാവിലെ പത്തോടെയാണ‌് സംഭവം. സ്ത്രീ ഉൾപ്പെടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ‌് ടാബർ നാക്കിൾ എസ്റ്റേറ്റിലെ ജോലിക്കിടെ കാട്ടുപോത്ത‌് ആക്രമിച്ചത‌്. ഒറീസ സ്വദേശി ആകാശ്(30), ജാർഖണ്ഡ് സ്വദേശിനി തലോ(20) എന്നിവർക്കാണ‌് പരിക്കേറ്റത‌്. 
വനാതിർത്തിയിൽനിന്ന‌് നൂറ് മീറ്റർ അകലെയാണ‌് ആക്രമണം. ഏലത്തോട്ടത്തിനുള്ളിൽനിന്ന‌് പാഞ്ഞെത്തിയ കാട്ടുപോത്ത് ആദ്യം തലോയെയാണ് ആക്രമിച്ചത്. ഇവരുടെ ബഹളം കേട്ട് കുറച്ചകലെ മരുന്ന് തളിച്ചിരുന്ന ആകാശ് ഓടിയെത്തി. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആകാശിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് കാട്ടുപോത്ത് വനത്തിലേക്ക് ഓടി മറഞ്ഞു. ഇരുവരുടേയും ബഹളം കേട്ട് സമീപത്തു ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 
കാട്ടുപോത്തിന്റെ കൊമ്പുകൊണ്ട് കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ ആകാശിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റർ ഇ വി പ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി എൻ അനിൽകുമാർ എന്നിവർ മേൽനടപടി സ്വീകരിച്ചു. മുമ്പും ഈ പ്രദേശങ്ങളിൽ കാട്ടാന, കാട്ടുപോത്ത്, കുരങ്ങ് എന്നിവയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട‌്.
 
 
പ്രധാന വാർത്തകൾ
 Top