30 November Monday

ജോർദാനിൽ കുടുങ്ങിയ ഫിലിം എഡിറ്ററും നാടണഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 തൊടുപുഴ

സംവിധായകൻ ബ്ലസിയുടെ ബിഗ്‌ ബജറ്റ്‌ സിനിമയായ ‘ആടുജീവിത’ത്തിന്റെ ഷൂട്ടിങ്ങിന്‌ ജോർദാനിൽ പോയി കോവിഡ്‌ പ്രതിസന്ധിയിൽ അവിടെ കുടുങ്ങിയ ഫിലിം എഡിറ്റർ റെക്‌‌സൺ ജോസഫ്‌‌ നാട്ടിൽ മടങ്ങിയെത്തി. ഇടുക്കി വെള്ളത്തൂവൽ സ്വദേശിയാണ്‌ ഇദ്ദേഹം. 
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രത്തിലെ നായകൻ പൃഥ്വിരാജ്‌ അടക്കമുള്ളവർ ജോർദാനിൽ കുടുങ്ങിയിരുന്നു. മാർച്ച് 15നാണ്‌ 58 സിനിമാപ്രവർത്തകർ ജോർദാനിൽ എത്തിയത്. ആറുവർഷമായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വെള്ളത്തൂവൽ കൊല്ലമലയിൽ റെക്സൺ ജോസഫ്‌ ഈ സിനിമയുടെ സ്പോട്ട് എഡിറ്ററാണ്. 
 ആകെ 62 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. ജോർദാനിലെ മരുഭൂമിയായിരുന്നു പ്രധാന ലൊക്കേഷൻ. ഷൂട്ടിങ്‌ പുരോഗമിക്കവെയാണ്‌ രാജ്യത്ത്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്‌. ഇതോടെ ഷൂട്ടിങ്‌ നിർത്തി. സിനിമാപ്രവർത്തകർക്ക്‌ ഭക്ഷണം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും ഇടപെട്ടിരുന്നു. പിന്നീട്‌ ലോക്ക്‌ഡൗൺ ഇളവ്‌ വന്നപ്പോൾ ജോർദാൻ സർക്കാരിന്റെ   പ്രത്യേക അനുമതിയൊടെ ഷൂട്ടിങ്‌ നടത്തി. 25 ദിവസം മാത്രമാണ്‌ ഷൂട്ട്‌ ചെയ്യാനായത്‌. 
 ജോർദാനിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ വളരെ കർശനമായിരുന്നു. ‌രണ്ട്‌ ബെഡ്‌റൂമുള്ള ഹട്ടിലായിരുന്നു താമസം. അവിടെ ജോർദാൻ നിവാസികൾ ഭക്ഷണകാര്യങ്ങളിലടക്കം സഹായിച്ചു. ആരോഗ്യപരിശോധനയും ഉണ്ടായിരുന്നു. ബോറടി മാറ്റാൻ ചീട്ടുകളിയും ജൂഡോയും ക്രിക്കറ്റുമെല്ലാം പയറ്റി. പൃഥ്വിരാജും ഇവർക്കൊപ്പം ചേർന്നു. 
സ്വദേശത്തേക്ക്‌ മടങ്ങിവരാൻ അനുമതി ലഭ്യമായതോടെയാണ്‌ സിനിമാസംഘം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്‌ തിരിച്ചത്‌. ജോർദാനിലെ അമ്മാൻ വിമാനത്താവളത്തിൽനിന്ന്‌ തിരിച്ച്‌ ഡൽഹിയിൽ ഇറങ്ങിയ ഇവരെ പിന്നീട്‌  നെടുമ്പാശേരിയിലെത്തിച്ചു. റെക്‌സണെ കൂടാതെ എട്ട്‌ ഇടുക്കി സ്വദേശികളും ദില്ലിയിൽനിന്നുള്ള വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരെ കെഎസ്‌ആർടിസി ബസിൽ തൊടുപുഴയിലും പിന്നീട്‌ ആംബുലൻസിൽ വണ്ണപ്പുറത്തെ കോവിഡ് കെയർ സെന്ററിലും എത്തിച്ചു. രണ്ടാഴ്‌ച ഇവിടെ നിരീക്ഷണത്തിൽ കഴിയണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top