17 June Monday
മന്ത്രി എം എം മണിയുടെ ഇടപെടൽ

അമ്പലമേട് നിവാസികളുടെ സ്വപ‌്നങ്ങൾക്ക‌് ഇരട്ടിമധുരം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

 

 
ചെറുതോണി
മന്ത്രി എം എം മണി മുൻകൈയെടുത്തതോടെ റോഡെന്ന അമ്പലമേട് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു. റോഡിനൊപ്പം കെഎസ്ആർടിസി ബസും ലഭിച്ചതോടെ ഇരട്ട സൗഭാഗ്യമാണ് ഗ്രാമവാസികൾക്ക് ലഭിച്ചത‌്. 1987 ൽ നായനാർ സർക്കാരിന്റെ കാലത്താണ് തടിയമ്പാട് വിമലഗിരി‐ കരിക്കിൻതോളം‐ശാന്തിഗ്രാം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്. എന്നാൽ, 18 വർഷമായി എംഎൽഎയായി തുടരുന്ന റോഷി അഗസ്റ്റ്യൻ റോഡ് നിർമാണം പൂർത്തിയാക്കുന്നതിൽ താൽപര്യം കാണിച്ചില്ല. ഇതോടെ ഇടുക്കി മണ്ഡലത്തോട് ചേർന്നുള്ള ഉടുമ്പൻചോലയിലെ ജനപ്രതിനിധിയായ മന്ത്രി എം എം മണി 85 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് അനുവദിപ്പിച്ചാണ് അമ്പലമേട്ടിലേക്ക‌് റോഡ് എത്തിച്ചത്. 
കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ് ഇടപെട്ട് ബസ് അനുവദിപ്പിച്ചതോടെ നാട്ടിലാകെ സന്തോഷം അലയടിക്കുകയാണ്. അമ്പലമേട്ടിൽ ബുധനാഴ്ച രാവിലെ നാട്ടുകാർ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും സ്വീകരണം നൽകി. സി വി വർഗീസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാന്തിഗ്രാം ഇടവക വികാരി ഫാ. ജോസഫ് പൊരിമറ്റം, സിപിഐ എം ലോക്കൽ സെക്രട്ടറി സി എൻ തങ്കച്ചൻ, വി ആർ ജനാർദ്ദനൻ, ഷാജി ജോസഫ് എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ നിന്നാരംഭിച്ച് അമ്പലമേട്‐ -തങ്കമണി വഴി ചെറുതോണിയിലെത്തി മണിയാറൻ കുടിയിലേക്കാണ് ഗ്രാമീണ സർവീസ് ആരംഭിച്ചിട്ടുള്ളത്.  
 
 
 
പ്രധാന വാർത്തകൾ
 Top