28 May Thursday

ജാഗ്രത പുലർത്തി തൊടുപുഴയും

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

  തൊടുപുഴ

കോവിഡ്‌ 19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ജനത കർഫ്യൂവിൽ നിശ്‌ചലമായി തൊടുപുഴ നഗരവും. അവശ്യ സർവീസുകളൊഴികെ മറ്റൊന്നും പ്രവർത്തിച്ചില്ല. ഹർത്താലുകളിൽ നിരത്തിലിറങ്ങാറുള്ള ഇരുചക്രവാഹന യാത്രക്കാർ പൂർണമായും വീടുകളിലേക്ക്‌ ഉൾവലിഞ്ഞു. ആരോഗ്യകേരളത്തിനായി സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ ജാഗരൂകരായി.
 ഒഴിവാക്കാനാവാത്ത ആവശ്യങ്ങളുമായി അപൂർവം ചിലർ മാത്രമാണ്‌ വീടുകളിൽനിന്ന്‌ പുറത്തിറങ്ങിയത്‌. ഗ്രാമപ്രദേശങ്ങളിലും ജനങ്ങൾ ജാഗ്രത കാണിച്ചു. കവലകളിൽ കൂട്ടുംകൂടി നിൽക്കുന്ന പതിവുരീതികൾക്ക്‌ എല്ലാവരും അവധി കൊടുത്തു.  
തൊടുപുഴ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ജീവനക്കാർ ജാഗ്രതയോടെയുള്ള ജോലിയിലാണ്‌. ഇനിയുള്ള ദിവസങ്ങളിലും കോവിഡ്‌ 19 നെ പടികടത്താനുള്ള പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം ജനങ്ങളുമുണ്ടാകുമെന്നതിന്റെ അടയാളമായിരുന്നു ഞായറാഴ്‌ചത്തെ ജനത കർഫ്യൂ. ചിലയിടങ്ങളിലുണ്ടായ വൈദ്യുതി തകരാർ പരിഹരിക്കാൻ  കെഎസ്‌ഇബി ജീവനക്കാർ ഓടിയെത്തിയതും വീടുകളിൽ കഴിഞ്ഞവർക്ക്‌ ആശ്വാസമായി. 
 
 
പ്രധാന വാർത്തകൾ
 Top