28 May Thursday

പ്രതിരോധ പ്രവര്‍ത്തനം തടഞ്ഞു; 3 പേര്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

 
 മറയൂര്‍
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും കൂട്ടംകൂടുകയും ചെയ്ത യുവാക്കള്‍ക്കെതിരെ മറയൂര്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി പൊലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങൾ അവഗണിച്ച് കൂട്ടംകൂടിയ പതിനഞ്ചോളം പേരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്‌തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറയൂര്‍ ടൗണിലെ ജീപ്പ് ഡ്രൈവറും ബാബു നഗര്‍ സ്വദേശികളുമായ ഹരി(25), സന്തോഷ്(28) എന്നിവരാണ് അറസ്റ്റിലായത്. ഊരുവാസല്‍ സ്വദേശി അജിത്തിനായി അന്വേഷണം ആരംഭിച്ചു.
ജനത കര്‍ഫ്യൂവിന്റെ ഭാഗമായി പ്രതിരോധ ബോധവൽക്കരണ പ്രവര്‍ത്തനങ്ങളുമായി പട്രോളിങ്‌ നടത്തുന്നതിനിടെയാണ് മറയൂര്‍ ബസ് സ്റ്റാൻഡില്‍ പതിനഞ്ചോളം പേര്‍ നിൽക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്. സംഘം ചേര്‍ന്ന് ദീര്‍ഘസമയം നില്‍ക്കരുതെന്നും വീടുകളിലേക്ക് മടങ്ങണമെന്നും പൊലീസ് അറിയിച്ചപ്പോള്‍ മൂന്നുപേർ ഇതിന്‌ തയ്യാറായില്ല. തുടർന്ന്‌ പൊലീസ് വാഹനത്തിന്റെ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും എസ്ഐ ഉള്‍പ്പെടുന്ന സംഘം പിന്തുടർന്നാണ്‌ പിടികൂടിയത്‌.
 മഹാരോഗ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിപരീതമായി പ്ര വര്‍ത്തിച്ച് രോഗവ്യാപനത്തിന് സാധ്യത സൃഷ്ടിക്കുക, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top