24 June Monday
1000 ദിനാഘോഷം

വിജ്ഞാനവും വിഭവങ്ങളും ഒരുക്കി പ്രദർശന വിപണനമേള

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐഡിഎ മൈതാനത്ത്‌ നടക്കുന്ന പ്രദർശന മേള മന്ത്രി എം എം മണി സന്ദർശിക്കുന്നു

 ഇടുക്കി   

കാർഷിക, നിർമാണ മേഖലകളിലെ നൂതന ആശയങ്ങൾ പരിചയപ്പെടാനും സൗജന്യ ആരോഗ്യ പരിശോധനയ‌്ക്ക് അവസരമൊരുക്കിയും പ്രദർശന വിപണന മേള ശ്രദ്ധേയമാകുന്നു. മേളയിൽ ഉപയോഗപ്രദവും വൈവിധ്യവുമായ ഉൽപന്നങ്ങൾ മിതമായ വിലയ‌്ക്ക‌് വാങ്ങാം. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷ ജില്ലാതല പരിപാടികളുടെ ഭാഗമായി ഇടുക്കി ഐഡിഎ മൈതാനത്ത‌് പ്രദർശന വിപണന മേളയിൽ എന്പതോളം സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 
 
 
  ഒരു സെന്റിലെ മത്സ്യകൃഷിയും മൂന്ന‌് സെന്റിലെ പച്ചക്കറി കൃഷിയും കോര്‍ത്തിണക്കുന്ന ജല പുനഃചംക്രമണ സംവിധാനം ഒരുക്കി ഫിഷറീസ് വകുപ്പ്, കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയിലെ മണ്ണ് പരിശോധിക്കാൻ സംവിധാനം, സൗജന്യ തൊഴില്‍ പരിശീലനത്തിനുള്ള അപേക്ഷ, മാട്രിമോണി, പ്രകൃതി സൗഹാര്‍ദ ക്യാരി ബാഗുകള്‍, ഇതര ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി കുടുംബശ്രീ മിഷന്റെ അഞ്ച‌് സ്റ്റാളുകള്‍, ഒപ്പം രുചി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീ കഫെ, ആരോഗ്യ പരിപാലനം ഒരുക്കി ആയുർവേദ, -അലോപ്പതി, ഹോമിയോ വകുപ്പിന്റെ സ്റ്റാളുകള്‍ എന്നിവയും മേളനഗരിയിലുണ്ട‌്. എല്ലാ ദിവസവും ആയുർവേദ  വിഭാഗത്തില്‍ സൗജന്യ ചികിത്സയും സേവനവും ലഭിക്കും. 
 
 നീലക്കുറിഞ്ഞി തേൻ, കാട്ടുതേൻ, മറയൂർ ശർക്കര, ചന്ദന തൈലം, പുൽതൈലം തുടങ്ങിയ വന വിഭവങ്ങൾ വനം വന്യജീവി വകുപ്പിന്റെ സ്റ്റാളിൽനിന്നും പൊതുജനങ്ങൾക്ക് വാങ്ങാം. ആധാർ കാർഡ്‌, പാൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ ഓൺലൈൻ സേവനങ്ങളുമായി അക്ഷയയുടെ സ്റ്റാൾ സജീവമാണ്. പച്ചമരുന്ന് ചികിത്സയും മുള‐തഴ ഉൽപന്നങ്ങൾ എന്നിവ പട്ടികവർഗ വികസന വകുപ്പിന്റെ സ്റ്റാളിലുണ്ട‌്. പ്രതിരോധ ശേഷിയും ഉൽപാദന ക്ഷമതയും കൂടിയതും വർഷം മുഴുവൻ ഫലം ലഭിക്കുന്നതുമായ ആറു മാസം പ്രായമായ പൗർണമി ബുഷ് കുരുമുളക് തൈകൾ മേളയുടെ ആകർഷണമാണ്‌. സ്റ്റാർ ആപ്പിൾ, മുള്ളാത്ത, ബഡ് മാവ്, ബഡ് ജാതി, അലങ്കാര ചെടികൾ എന്നിവ കൃഷി വകുപ്പിന്റെ സ്റ്റാളിൽ ലഭിക്കും.
തൊഴിൽ സംബന്ധമായ അവകാശങ്ങർ, ക്ഷേമ പ്രവർത്തനങ്ങൾ, തൊഴിൽ സംബന്ധമായ പരാതി സ്വീകരണം എന്നീ സേവനങ്ങൾ തൊഴിൽ വകുപ്പിന്റെ സ്റ്റാളിൽ ലഭിക്കും. വിവിധയിനം തോക്കുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ബോംബ് സ്‌ക്വാഡിന്റെ ഉപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തി ജില്ലാ പൊലീസിന്റെ സ്റ്റാൾ, സ്‌കൂബ ജാക്കറ്റ്, രാസ പ്രതിരോധ ജാക്കറ്റ്, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തി ഫയർ ആൻഡ് റെസ്‌ക്യൂ, ലഹരി വിമുക്ത സന്ദേശമൊരുക്കി എക്‌സൈസ് വകുപ്പ്, ഊർജസംരക്ഷണ മാർഗങ്ങൾ വിശദീകരിച്ച് കെഎസ്ഇബി, സൗരോർജ സംവിധാനങ്ങൾ പരിചയപ്പെടുത്തി അനർട്ട്, ഹരിതഭവനമൊരുക്കി ഹരിത കേരള മിഷൻ, മാലിന്യ സംസ്‌കരണം, ബയോ ഗ്യാസ്, റിങ‌് കമ്പോസ്റ്റ് മാതൃകളുമായി ശുചിത്വ മിഷൻ, വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയെല്ലാം മേളയിലെ പ്രധാന ആകർഷണങ്ങളാണ്.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top