26 February Wednesday
റോഡുകളും സ്‌മാർട്ടാകുന്നു

മുന്നേറാം ഇനി തടസ്സങ്ങളില്ലാതെ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

  മറയൂർ

ശീതകാല പച്ചക്കറികളുടെ കലവറയായ മറയൂർ മേഖലയുടെ വികസനക്കുതിപ്പിന്‌ പുത്തനുണർവേകി സർക്കാർ. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 1.48 കോടി രൂപയുടെ ആറ്‌ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. മൂന്നാർ– മറയൂർ സംസ്ഥാനപാതയിൽ 19.8 കോടിയുടെ റബറൈസ്ഡ് പണികൾ നടക്കുന്ന തുക കൂടാതെയാണ്‌ പുതിയ പ്രവൃത്തികൾക്കും അനുമതി ലഭിച്ചിരിക്കുന്നത്. ശബരിമലയിലേക്ക് അയൽസംസ്ഥാനത്തുനിന്ന് തീർഥാടകർ എത്തുന്നത് പരിഗണിച്ചാണ്‌ മറയൂർ– -മൂന്നാർ റോഡ് സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി റബറൈസ്ഡ് ചെയ്യുന്നത്‌. മന്ത്രി എം എം മണി, എസ് രാജേന്ദ്രൻ എംഎൽഎ എന്നിവരുടെ നിരന്തര ഇടപെടലാണ് മേഖലയിലെ ഭൂരിഭാഗം റോഡുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്. മുൻ എംപി ജോയ്‌സ് ജോർജിന്റെ ശ്രമത്തെ തുടർന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ശബരിമല– പഴനി തീർഥാടന പാത പ്രഖ്യാപിക്കുകയും പഠനം നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.
 ഇതിനുപുറമെ ശബരിമല പാത പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാർ– ചിന്നാർ സംസ്ഥാനപാതയ്‌ക്ക്‌ മൂന്ന്‌ കോടി രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് പ്രകൃതിദുരന്തങ്ങളിൽ മൂന്നാർ–- മറയൂർ സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ എട്ടിടങ്ങളിൽ സംരക്ഷണഭിത്തികളുടെ നിർമാണവും നടക്കുന്നു. നിലവിൽ മറയൂർ–- കാന്തല്ലൂർ റോഡിന്റെ പുനരുദ്ധാരണത്തിന് 83 ലക്ഷം രൂപയും മറയൂർ–- മാശി–- കോവിൽക്കടവ് റോഡിന് 15 ലക്ഷം രൂപയുമാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. വട്ടവട പഞ്ചായത്തിൽ കുണ്ടള അണക്കെട്ട്‌ മുതൽ മന്നവൻചോല ചെക്‌പോസ്റ്റ് വരെയുള്ള ഏഴ്‌ കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതിക്കും അനുമതിയായി. ഈ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top