22 February Saturday
മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു

പുതിയ കുതിപ്പിന്‌ രാജാക്കാട്– മൈലാടുംപാറ റോഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 

 
രാജാക്കാട്
രാജാക്കാട്– -മൈലാടുംപാറ റോഡിന്റെ നിർമാണം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപ്രദേശങ്ങളുടെ വികസനം ലക്ഷ്യംവച്ചാണ് ഗ്രാമീണ റോഡുകൾ നിർമിക്കുന്നത്‌. ഇതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്‌. ഇത്തരം റോഡുകളുടെ നിർമാണതടസ്സങ്ങൾ നീക്കാൻ ജനകീയ സമിതികൾ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 
 ചെമ്മണ്ണാർ–- ഗ്യാപ് റോഡിന്റെ ഭാഗമായ ഈ റോഡ് തിങ്കൾക്കാട് ജങ്‌ഷനിൽനിന്ന് ആരംഭിച്ച് സ്ലീവാമല–- വട്ടക്കണ്ണിപ്പാറ– കോളനിക്കവല–- കാരിത്തോട്–- പൊത്തക്കള്ളി–- മൈലാടുംപാറ വഴി മൂന്നാർ–-- കുമളി സംസ്ഥാനപാതയിൽ എത്തും. 10 കിലോമീറ്റർ റോഡിന്റെ നിർമാണത്തിനായി 17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയിൽ രണ്ട് ലെയർ ടാറിങ്‌ ഉൾപ്പെടെ ദേശീയ നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. ഒരു മീറ്റർ വീതിയിൽ ഐറിഷ് ഡ്രെയിനേജ് സംവിധാനവും ഉണ്ടാകും. ആറുമാസംകൊണ്ട് റോഡിന്റെ നിർമാണം പൂർത്തിയാക്കും. 
 ചടങ്ങിൽ എംജി സർവകലാശാലയിൽനിന്ന് എംഎ ഗ്രാഫിക്സിൽ ഒന്നാംറാങ്ക് നേടിയ കുത്തുങ്കൽ സ്വദേശി ജോയൽ റെജിയെ അനുമോദിച്ചു. സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷനായി. റാണി സണ്ണി, എൻ പി സുനിൽകുമാർ, ശാന്ത ബിജു, ഷിജി സുരേഷ്, ജിമ്മി ജോർജ്, ടി ജെ ജോമോൻ, കെ ടി ജെയിംസ്, സി യു ജോയി, ബെന്നി തുണ്ടത്തിൽ, കെ എ ബെന്നി, ഫാ. തോമസ് ശൗര്യംകുഴി എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വി ജാഫർഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു. 
 
 
 
പ്രധാന വാർത്തകൾ
 Top