Deshabhimani

ക്വാർട്ടേഴ്‌സുകൾ നവീകരിക്കാൻ കെഎസ്‌ഇബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 12:41 AM | 0 min read

ഇടുക്കി
കെഎസ്‌ഇബിക്കു കീഴിലുള്ള ക്വാർട്ടേഴ്‌സുകളും ഇൻസ്‌പെക്ഷൻ ബംഗ്ലാവുകളും(ഐബി) ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കെഎസ്‌ഇബി. ഇടുക്കി, വയനാട് ജില്ലകളിലെ ശോച്യാവസ്ഥയിലായ ക്വാർട്ടേഴ്സുകളും ഐബികളും നവീകരിക്കുന്നതിനും പൊതുജനങ്ങൾക്ക് വാടകയ്ക്ക് ലഭ്യമാക്കുന്നതിനാണ്‌ തീരുമാനമാകുന്നത്‌. ഇതിനായി ഡിസ്ട്രിബ്യൂഷൻ സെൻട്രൽ ചീഫ് എൻജിനിയർ ചെയർപേഴ്സണായും ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കൺവീനറായുമുള്ള കമ്മിറ്റി രൂപീകരിച്ചു. പ്രാഥമിക റിപ്പോർട്ട് തയാറാക്കാൻ ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള സിവിൽ സബ് ഡിവിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ വിളിച്ചുചേർത്ത ബന്ധപ്പെട്ട  ഉദ്യോഗസ്ഥ യോഗത്തിലാണ്‌ തീരുമാനം. 
ഭൂരിഭാഗം ഐബികളും ക്വാർട്ടേഴ്സുകളും പവർ സ്റ്റേഷനുകൾക്ക് സമീപം ജനറേഷൻ ഏരിയയിലാണുള്ളത്‌ എന്നതാണ്‌ പ്രതിസന്ധി. ഇവയിൽ ഭൂരിഭാഗവും നിരോധിത മേഖലയിലും. ചിത്തിരപുരം, മീൻകട്ട് പ്രദേശങ്ങളിൽ 25 ഓളം ക്വാർട്ടേഴ്സുകൾ ശോച്യാവസ്ഥയിലാണ്‌. മൂന്നാർ ഡിവിഷനിലും മാട്ടുപ്പെട്ടിയിലുമായി ഏകദേശം 12 ക്വാർട്ടേഴ്സുകൾക്ക് അറ്റകുറ്റപ്പണി ആവശ്യമാണ്. വയനാട്ടിലെ 15 ഓളം ക്വാർട്ടേഴ്സുകളും തകർന്ന നിലയിൽ. ഇവയൊക്കെ കാലോചിതമായി നവീകരിക്കേണ്ടതുണ്ട്‌.
യോഗത്തിൽ വിവിധ ഐബികളെക്കുറിച്ചും ബുക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും എസ്റ്റാബ്ലിഷ്‌മെന്റ്‌ സെക്ഷൻ സീനിയർ സൂപ്രണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ബുക്കിങ്ങിനുള്ള പുതിയ സോഫ്റ്റ്‌വെയർ ഐടി വിഭാഗം പരിചയപ്പെടുത്തി. തുടക്കത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് മാത്രമായിരിക്കും ബുക്കിങ്‌ സൗകര്യം. പിന്നീട് പൊതുജനങ്ങൾക്കും സൗകര്യം ലഭ്യമാക്കും. 
ഐബി-കളുടെ ഓൺലൈൻ ബുക്കിങ്‌ സൗകര്യം ഡിസംബർ അവസാനത്തോടെ പ്രവർത്തന സജ്ജമാക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്‌. ജനുവരി മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
പൊതുജനങ്ങൾക്ക്‌ ഓൺലൈൻ ബുക്ക്‌ ചെയ്യാനും അവസരമൊരുക്കും ക്വാർട്ടേഴ്‌സുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നത്‌ സംബന്ധിച്ച്‌ നേരത്തെ വാർത്ത നൽകിയിരുന്നു.


deshabhimani section

Related News

0 comments
Sort by

Home