31 January Tuesday

സ്വപ്‌നഭൂമിയായ അഞ്ചുനാട്, അവിടെ മറഞ്ഞിരിക്കുന്ന ഈ ഊര്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
മറയൂർ
മാനംമുട്ടെ സഹ്യപര്‍വ്വത നിരകളുടെ കാവല്‍. അവിടെ മഹാശിലായുഗ ശേഷിപ്പുകളെ പേറുന്ന, നൂറ്റാണ്ടുകളുടെ, കഠിനാധ്വാനത്തിന്റെ, വിയര്‍പ്പിന്റെ, ഉപ്പുരസമുള്ള മണ്ണിന്റെ കഥകളുറങ്ങുന്ന അഞ്ചുനാട്. സംഘകൃതികളില്‍ മധുര 'കലങ്ങിയ കാലം' എന്നറിയപ്പെട്ടിരുന്ന ഘോരയുദ്ധങ്ങള്‍ നടന്ന കാലത്ത്, മധുരയില്‍ നിന്നും പഴനി തടത്തിലൂടെയും കൊടൈക്കനാല്‍ മലനിരകളുടെ ഭാഗമായ തമ്പുരാന്‍ ചോല വഴിയും മറയൂര്‍ തടത്തിലെത്തി അഞ്ചുഗ്രാമങ്ങളിലായി അതിജീവനം നടത്തിയവരാണ് അഞ്ചുനാട്ടിലെ പൂര്‍വികര്‍. മധുര രാജവംശത്തിലെ പടയാളികളും അവരെ സാഹായിക്കുന്ന വ്യത്യസ്ത ജാതിയിലും പെട്ടവരുവുമായിരുന്നു ഇവര്‍. അതിജീവനത്തിന് ജാതിവ്യവസ്ഥ തടസമാണെന്ന തിരിച്ചറിവില്‍ അഞ്ചുനാടന്‍ പാറ എന്ന സ്ഥലത്ത് ഒത്തുകൂടി കറന്നെടുത്ത പാലില്‍ തൊട്ട് സത്യം ചെയ്ത് ഒരു ജാതിയായി മാറുകയായിരുന്നു. തുടര്‍ന്ന് താഴ്‌വാരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറി. ഘോരവനമായിരുന്ന പ്രദേശം തട്ടുതട്ടായി തിരിച്ച് കണ്ണഞ്ചിപ്പിക്കുന്ന കൃഷിഭൂമിയാക്കി മാറ്റിയത് ഊരുഗ്രാമക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന അഞ്ചുനാട്ടിലെ പൂര്‍വികരാണ്.
രാജവംശത്തില്‍പെട്ടവരും ഇവിടേയ്ക്ക് കുടിയേറിയെങ്കിലും എല്ലാവര്‍ക്കും ഒരേ നിയമം അനുശാസിക്കുന്ന മന്ത്രി, മന്നാടി, പെരിയധനം തുടങ്ങിയ ഭരണസംവിധാനത്തിലൂടെ ഗോത്രസമാനമായ ജീവിതവുമായി മുന്നോട്ടുപോയി.
കുടിയേറ്റ കാലത്തിന്റെ തുടക്കത്തില്‍ മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, കൊട്ടക്കുടി എന്നിങ്ങനെ അഞ്ച് ഊരുകള്‍ സ്ഥാപിച്ച് പരസ്പരം ബന്ധപ്പെട്ടു ജീവിച്ചുപോന്നു. ഈ അഞ്ച് ഗ്രാമങ്ങളാണ് അഞ്ചുനാട് എന്ന വിസ്തൃതമായ പ്രദേശം. എന്നാല്‍ സംസ്ഥാന വിഭജനം നടന്നപ്പോള്‍ കൊരങ്ങണി മലനിരകള്‍ ഉള്‍പ്പെടുന്ന കൊട്ടക്കുടി തമിഴ്‌നാടിന്റെ ഭാഗമായി. ഇപ്പോള്‍ നാല് നാടുകള്‍ കേരളത്തിലും ഒരു നാട് തമിഴ്‌നാട്ടിലുമാണ്.
കുടിയേറ്റ കാലത്ത് ജീവിതരീതി ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. മറയൂരിലെ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും ബിസി 10000ന് മുമ്പുള്ള മഹാശിലായുഗകാലത്ത് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതിന്റെ തെളിവാണ്. ചരിത്രപ്രാധാന്യമുള്ള അഞ്ചുനാട് ചരിത്രാന്വേഷികള്‍ക്ക് ഇന്നും വിസ്മയമാണ്.
മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ''മറഞ്ഞിരിക്കുന്ന ഊര്'' എന്നറിയപ്പെടുന്ന മറയൂര്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ ചുറ്റും മലകളാല്‍ ചുറ്റപ്പെട്ട മഴനിഴല്‍ പ്രദേശമായ ഇവിടെ മിതോഷ്ണ കാലാവസ്ഥയാണ്. മറഞ്ഞിരിക്കാന്‍ പറ്റിയ ഊര് എന്ന ചൊല്ലില്‍ നിന്നാണ് മറയൂര്‍ എന്ന പേര് ലഭിച്ചത്. ഇവിടുത്തെ ഭൂപ്രകൃതി കണ്ടാല്‍ ഇക്കാര്യം മനസിലാകും.
ചുറ്റും പര്‍വ്വതനിരകളും അതിനുനടുവില്‍ കിഴക്കോട്ട് ഒഴുകുന്ന പാമ്പാറും പച്ചപ്പും നിറഞ്ഞ പ്രദേശവും. പുരാതന കാലത്തിനെ അപേക്ഷിച്ച് ഇപ്പോഴും ഇവിടെ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ചേര സാമ്രാജ്യത്തിന്റെ കാലം മുതലേ യുദ്ധങ്ങളില്‍ തോറ്റതുകൊണ്ടോ, ശത്രുക്കളില്‍ നിന്ന് രക്ഷതേടിയോ ആളുകള്‍ മറഞ്ഞിരുന്ന് അതിജീവനം നടത്തിയിരുന്നതായി ചരിത്രരേഖകളില്‍ നിന്നു മനസിലാക്കാം. എഡി രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച സംഘകൃതിയായ 'മധുരൈ കാഞ്ചിയില്‍' ചന്ദന മരങ്ങള്‍ നിറഞ്ഞ പഴനി മലനിരകള്‍ക്ക് പടിഞ്ഞാറുവശത്തുള്ള കൂറിഞ്ചി തിനൈ പ്രദേശത്തെ ചന്ദനമരങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇത് മറയൂര്‍ മലനിരകളെക്കുറിച്ചാണെന്നു വിശ്വസിക്കുന്നു.
ഗതാഗത സൗകര്യങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് ഇവിടേയ്ക്ക് എത്താന്‍ വളരെ ദുര്‍ഘടമായിരുന്നു. 360 ഡിഗ്രിയിലും മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കാലാവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇവിടം. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ തോട്ടത്തില്‍ പണിയെടുപ്പിക്കാന്‍ കൊണ്ടുവന്ന തൊഴിലാളികള്‍ മാനേജര്‍മാരുടെ പീഡനം സഹിക്കവയ്യാതെ മറന്നിരുന്നതും മറയൂരിലാണ്. കുടിയേറ്റ കാലത്ത് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഇവിടുത്തെ മലയിടുക്കുകളില്‍ കഞ്ചാവും കൃഷി ചെയ്തിരുന്നു. മുനിയറകളുടെയും ഗുഹാചിത്രങ്ങളും വീരക്കല്ലിന്റെ ചരിത്രവും ഗവേഷകര്‍ക്ക് പോലും പിടികൊടുക്കാതെ മറച്ചുപിടിക്കുന്ന പ്രദേശത്തിന് മറയൂര്‍ എന്നല്ലാതെ മറ്റെന്ത് പേരാണ് ചേരുക? 400 വര്‍ഷങ്ങളായി അഞ്ചുനാട്ടിലെ ഗോത്രവര്‍ഗങ്ങള്‍ മറയൂര്‍ എന്നുതന്നെയാണ് വിളിച്ചുപോരുന്നതെന്ന് ഇപ്പോഴത്തെ പിന്‍മുറക്കാര്‍ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top