28 November Saturday

ഇങ്ങനെ പോരാ... നല്ല പദ്ധതികൾ വേണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020
തൊടുപുഴ
വിധി മാറ്റിയെഴുതാനുള്ള പുറപ്പാടിലാണ് കരിങ്കുന്നം‌ ഡിവിഷൻ. വികസനം ഞങ്ങൾക്കും വേണമെന്ന്‌ ജനങ്ങൾ ചിന്തിക്കാൻ തുടങ്ങിയിട്ട്‌ നാളേറെയായി. കാർഷികസമൃദ്ധിയിലൂടെ വലിയ മുന്നേറ്റം രചിക്കാവുന്ന ഇടം. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. ജില്ലാ പഞ്ചായത്തിന്റേതെന്ന്‌ ചൂണ്ടിക്കാട്ടാൻ സുപ്രധാനമായ ഒരു പദ്ധതിയും ഇവിടെയില്ല. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം കൈയാളിയ ജനപ്രതിനിധിയുണ്ടായിട്ടും കരിങ്കുന്നം ഡിവിഷൻ ഉൾപ്പെടുന്ന മേഖലകൾക്ക്‌‌ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ്‌ പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി മാത്യു ജോൺ 4,138 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ഡിവിഷനിൽ ജയിച്ചത്‌. എസ്‌സി വനിതയാണ്‌ ഇത്തവണ കരിങ്കുന്നം ഡിവിഷനെ പ്രതിനിധീകരിക്കുന്നത്‌‌. ഏറെ നാളായി പൊതുപ്രവർത്തനരംഗത്തുള്ള ശ്രീജ രാജീവാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. സിപിഐ എം മണക്കാട്‌ ലോക്കൽ കമ്മിറ്റിയംഗവും ആറാം വാർഡ്‌ എഡിഎസ്‌ സെക്രട്ടറിയും സിഡിഎസ്‌ അംഗവുമാണ്‌. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ ഏരിയ കമ്മിറ്റിയംഗമായും പ്രവർത്തിക്കുന്നു.  മണക്കാട്‌ പഞ്ചായത്തിലെ ജനകീയ ഹോട്ടലിലെ ജീവനക്കാരിയുമാണ്‌. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ്‌ വോട്ട്‌ അഭ്യർഥന‌. ഡിവിഷനോടുള്ള അഞ്ചുവർഷത്തെ അവഗണനയും പ്രചാരണവിഷയമാണ്‌. കേരള കോൺഗ്രസ്‌ എം കൂടി എത്തിയതോടെ മികച്ച നേട്ടം കൈവരിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ്‌ എൽഡിഎഫ്‌. പുറപ്പുഴ, മണക്കാട്‌, ഇടവെട്ടി, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളാണ്‌ കരിങ്കുന്നം ഡിവിഷന്‌ കീഴിലുള്ളത്‌. മണക്കാട്‌, മുട്ടം പഞ്ചായത്തുകൾ എൽഡിഎഫിന്റെ ഭരണത്തിലായിരുന്നു. പുറപ്പുഴയിൽ മാത്രമാണ്‌ യുഡിഎഫിന്‌ മേൽക്കൈ ഉണ്ടായിരുന്നത്‌. 
കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്റെ സി വി സുനിതയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി‌. കഴിഞ്ഞ തവണ മൂലമറ്റം ഡിവിഷനിലെ ജില്ലാ പഞ്ചായത്ത്‌ പ്രതിനിധിയാണിവർ‌. ഇടവെട്ടിയിൽ നിലത്തെഴുത്താശാട്ടിയായ സി വി തിലകം എൻഡിഎ സ്ഥാനാർഥിയായും മത്സരിക്കുന്നു. ഹിന്ദു ഐക്യവേദി മഹിളാ വിഭാഗം സംസ്ഥാന ഉപാധ്യക്ഷയും ഭാരതീയ വേലൻ സൊസൈറ്റി മഹിളാസമാജം സംസ്ഥാന പ്രസിഡന്റുമാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top