29 November Monday

പേമാരി; കല്ലാർ ഡാം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന നിലയിൽ

നെടുങ്കണ്ടം
 ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി കേരള-–-തമിഴ്‌നാട് അതിർത്തി മേഖലയിൽ  ഉണ്ടായ അതിതീവ്ര മഴയിൽ   കല്ലാർ അണക്കെട്ട് നിറഞ്ഞ് തുറക്കേണ്ടിവന്നു.  നടപടിക്രമങ്ങൾ പൂർത്തിയാക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകിയതോടെ വെള്ളം ഷട്ടറിന് മുകളിലൂടെ കവിഞ്ഞൊഴുകി. കല്ലാർ അണക്കെട്ട് തുറക്കാൻ വൈകിയതിനാൽ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു.
ഡാം സേഫ്ടി വിഭാഗത്തിന്റെ കണക്ക് പ്രകാരം വ്യാഴാഴ്ച പുലർച്ചെ 12.30-ന് കല്ലാർ അണക്കെട്ടിലെ ജലനിരപ്പ് 821.1 മീറ്ററായിരുന്നു. കനത്ത മഴയിൽ കല്ലാർ പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ ഒന്നരയോടെ ജലനിരപ്പ് 822.5 മീറ്ററായി  ഇതോടെ അണക്കെട്ട് തുറക്കാൻ ഡാം സേഫ്ടി വിഭാഗം ജില്ലാ കലക്ടറുടെ അനുമതി തേടി. ജില്ലാകളക്ടറുടെ ഉത്തരവ് ലഭിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി അണക്കെട്ടിന്റെ രണ്ടും മൂന്നും ഷട്ടറുകൾ തുറന്നത് പുലർച്ചെ 2.50-തോടെ. എന്നാൽ ജലനിരപ്പ് അതിവേഗം ഉയർന്ന്‌ പുലർച്ചെ രണ്ടരയോടെ അണക്കെട്ടിന്റെ ഷട്ടറുകൾ കവിഞ്ഞ് വെള്ളം ഒഴുകിയെന്ന്‌  പ്രദേശവാസികൾ പറഞ്ഞു. ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിണ വിധേയമായത്. അതിനുശേഷം ഡാം ഷട്ടർ അടച്ചു. 
 ഡാം സേഫ്ടി എക്‌സിക്യൂട്ടീവ് എൻജിനിയറുടെ സാന്നിധ്യത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. ഷട്ടറുകൾ ഉയർത്തിയപ്പോൾ അണക്കെട്ടിലുണ്ടായ ഓളം മൂലമാണ് മറ്റ് ഷട്ടറിന് മുകളിലൂടെ ജലം കവിഞ്ഞൊഴുകിയതെന്നും ഡാം സേഫ്ടി വിഭാഗം അസി എക്‌സി എഞ്ചിനീയർ സജീവ് കുമാർ പറഞ്ഞു. ഇടുക്കി അണക്കെട്ടിലേക്ക് വൈള്ളം തിരിച്ചുവിടുന്ന ചെറിയ ഡൈവേർഷൻ അണക്കെട്ടാണ് കല്ലാർ. കല്ലാർ പുഴയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 824.48 മീറ്ററും  റെഡ് അലർട്ട് ലെവർ 823.5 മീറ്ററുമാണ്‌. ഇനിയും കനത്ത മഴ ഉണ്ടായാൽ തുറക്കേണ്ടിവരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top