29 November Monday

വൻചന്ദനമരം മുറിച്ചു കടത്താൻ ശ്രമം; പ്രതികൾ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

പാളപ്പെട്ടിയില്‍ നിന്ന് കണ്ടെടുത്ത ചന്ദന കഷണങ്ങള്‍

മറയൂർ
ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന്  വൻ ചന്ദനമരം മുറിച്ചു കടത്താനുള്ള ശ്രമം വനംവകുപ്പ്‌ തടഞ്ഞു. പാളപ്പെട്ടി സ്വദേശികളായ ബിനുകുമാർ, ചിന്നക്കുപ്പൻ എന്നിവരടക്കം മൂന്നുപേർക്കെതിരെ കേസെടുത്തു. ഇവർ ഒളിവിലാണ്‌. 
   മുറിച്ചിട്ട ചന്ദന കഷണങ്ങൾ വനംവകുപ്പ് അധികൃതർ കണ്ടെടുത്തു. പാളപ്പെട്ടി ആദിവാസി കുടിക്ക് സമീപം ഇണ്ടൻകാട്ടിലാണ് പത്തടി ഉയരവും 82 സെന്റീമീറ്റർ വീതിയുമുള്ള  ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ചത്. കണ്ടെടുത്ത 80 കിലോയുടെ ചന്ദനത്തടികൾക്ക്‌ 15 ലക്ഷം രൂപ  വില വരും. ചൊവ്വാഴ്ച രാവിലെ ചിന്നാർ റേഞ്ച് ഓഫിസർ നിതിൻലാലിന്റെ നേതൃത്വത്തിൽ  ഡെപ്യൂട്ടി റേഞ്ച് ഓഫിസ് ഇൻ ചാർജ് മുത്തുകുമാർ, വനംവകുപ്പ് ജീവനക്കാരായ വിപിൻമോഹൻ, അനിൽകുമാർ, അബ്ദുറസാഖ്, ഗിരിജയൻ, രാജു, മുരുകൻ എന്നിവർ വനത്തിൽ പട്രോളിങ്  നടത്തുന്നതിനിടയിലാണ് ചന്ദനമരം മുറിച്ചത് കണ്ടത്. സമീപത്ത് 12 കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
മറയൂർ സാൻഡൽ ഡിവിഷനിലെ ചന്ദനം പിടിക്കാൻ പരിശീലനം നേടിയ നായ മെൽബിനെ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചത്‌. നായ  ബിനുകുമാറിന്റെ വീട്ടിലെത്തി നിന്നു. തുടരന്വേഷണത്തിൽ  ബിനുകുമാരും സുഹൃത്തുക്കളുമാണ് ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ചതെന്ന് വിവരം ലഭിച്ചു. ചന്ദന മോഷണവുമായി ബന്ധപ്പെട്ട ചന്ദ്രികാ വധക്കേസ് ഉൾപ്പെടെയുള്ള ഒട്ടേറെ കേസിലെ പ്രതിയാണ് ബിനുകുമാർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top