13 November Wednesday

പകൽവീടിന‌് പഞ്ചായത്തംഗം ദാനമായി നൽകിയത‌് പുറമ്പോക്ക‌് ഭൂമി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 കരിമണ്ണൂർ

വയോജനങ്ങൾക്ക്‌ വിനോദത്തിനും വിശ്രമത്തിനുമായി നിർമിച്ച പകൽവീടിന‌് പഞ്ചായത്തംഗം ദാനമായി നൽകിയത്‌ പുറമ്പോക്ക്‌ ഭൂമി. ഇളദേശം ബ്ലോക്ക് പഞ്ചായത്ത്‌ 17.5 ലക്ഷം രൂപ മുടക്കി കോടിക്കുളം പഞ്ചായത്തിലെ തെന്നത്തൂരിലാണ‌് പകൽവീട‌് നിർമിക്കുന്നത്‌. തെന്നത്തൂർ വാർഡിനെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ‌് മാണി വിഭാഗം അംഗമാണ‌് ഭൂമി നൽകിയത‌്. 
2018 ഒക്ടോബർ 15ന‌് പി ജെ ജോസഫ‌് എംഎൽഎ  കെട്ടിടം ഉദ‌്ഘാടനം നടത്തുകയും ചെയ‌്തു. എന്നാൽ, പിന്നീട്‌ കോടിക്കുളം പഞ്ചായത്ത്‌ നടത്തിയ പരിശോധനയിലാണ‌് കെട്ടിടം പുറമ്പോക്കിലാണെന്ന‌് കണ്ടെത്തിയത‌്. വിവരാവകാശ പ്രകാരമുള്ള അന്വേഷണത്തിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ‌് കെട്ടിടം നിർമിച്ചതെന്നും വ്യക്തമായി. ഇതിനാൽ ഉദ‌്ഘാടനം ക‌ഴിഞ്ഞ‌് ഒരുവർഷം കഴിഞ്ഞിട്ടും പകൽ വീടിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പകൽവീട‌് നിർമിച്ച പുരയിടത്തിന‌് സമീപത്തായി പുഴയിലേക്ക‌് പഞ്ചായത്ത‌് റോഡ‌് ഉണ്ടായിരുന്നു. പുഴയുടെ അക്കരയ‌്ക്കുള്ള വള്ളക്കടവിലേക്കുള്ളതായിരുന്നു റോഡ‌്. പാലം നിർമിച്ചതോടെ കടവിലേക്കുള്ള റോഡ‌് കാര്യമായി ഉപയോഗിക്കാതിരുന്നതിനാൽ ഈ പ്രദേശം കാട‌ും പുല്ലും നിറഞ്ഞിരുന്നു. പഞ്ചായത്തംഗം ഈ സ്ഥലവും കൈവശപ്പെടുത്തിയതായി ആക്ഷേപമുണ്ട‌്. നിർമിച്ചിട്ടുള്ള കെട്ടിടത്തിന്റെ പകുതിയും പഴയ റോഡിലാണ‌്. 
കെട്ടിടം പുറമ്പോക്ക‌് ഭൂമിയിലായതിനാൽ പഞ്ചായത്ത‌് അധികൃതർക്ക‌് കെട്ടിടത്തിന‌് നമ്പർ നൽകാൻ കഴിയില്ല. ഇതിനാൽ വൈദ്യുതിയും വെള്ളവും ലഭ്യമല്ലാതെയായി. കെട്ടിടം നിർമാണം ആരംഭിച്ചപ്പോൾ അയൽവാസി പരാതി നൽകിയിരുന്നു. ഇതേ തുടർന്ന‌് ശരിയായ വസ്തുവിവരം കോടതിയിൽ നൽകിയെങ്കിലും അവിടെ കാണിച്ച സ്ഥലത്തല്ല കെട്ടിടം നിർമിച്ചത‌്. പഞ്ചായത്ത‌ംഗത്തിന്റെ അനധികൃത കൈയേറ്റത്തിൽ വ്യാപക പ്രതിഷേധമാണ‌് ഉയരുന്നത‌്.
 
 
പ്രധാന വാർത്തകൾ
 Top