13 November Wednesday

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന‌് ഇന്ന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
തൊടുപുഴ
ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന‌് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി കെ മിനി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, സയൻസ് ഫെയർ, ഐടി മേള, പ്രവൃത്തി പരിചയമേള എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായാണ‌് മത്സരങ്ങൾ. ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ഉപജില്ലകളിൽനിന്നുള്ള രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കും.
സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, സയൻസ് ഫെയർ, ഐടി മേള എന്നിവ ചൊവ്വാഴ‌്ചയും പ്രവൃത്തി പരിചയമേള ബുധനാഴ‌്ചയുമായാണ‌് ക്രമീകരിച്ചിരിക്കുന്നത‌്. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വ്യക്തമാക്കി. ചൊവ്വാഴ‌്ച രാവിലെ 8.30ന‌് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി കെ മിനി പതാക ഉയർത്തും. 10ന് മത്സരങ്ങൾ ആരംഭിക്കും. പകൽ രണ്ടിന് പി ജെ ജോസഫ‌് എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി ദേവസ്യ അധ്യക്ഷനാവും. 
 മേളയുടെ നടത്തിപ്പിന‌് 151 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു. മേളയ്‌ക്കെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. മേളയുടെ നടത്തിപ്പിൽ ഹരിതചട്ടം പാലിക്കും. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി ദേവസ്യ, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പ്രിൻസിപ്പൽ ചെറിയാൻ ജെ കാപ്പൻ, പബ്ലിസിറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ, പ്രോഗ്രാം കൺവീനർ ബിജു ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top