ഇടുക്കി
പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ജില്ലയിൽ രണ്ടാംദിവസവും നടത്തി. മഴക്കാലത്തിന് ശേഷമുള്ള റോഡുകളുടെ നിലവിലെ സ്ഥിതിയടക്കമുള്ള കാര്യങ്ങളാണ് സംഘം വിലയിരുത്തുന്നത്. തൊടുപുഴ നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.
സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എസ് ഷാനവാസ്, ദേശീയപാത സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ എസ് സജീവ്, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി കെ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി നിയോജക മണ്ഡലത്തിലെ 66 റോഡുകളുടെ പരിശോധനയാണ് നടത്തിയത്.
കെഎസ്ടിപി സൂപ്രണ്ടിങ് എൻജിനിയർ എൻ ബിന്ദു, അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ ഷാമോൻ, മെയിന്റനൻസ് വിഭാഗം എഎക്സ്ഇ സാലി തുടങ്ങിയവരും സംഘത്തിലുണ്ട്. മാനേജിങ് ഡയറക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി മേഖലയിലും ദേശിയപാത സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ എസ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘം കട്ടപ്പന മേഖലയിലുമാണ് പരിശോധിച്ചത്. പരിശോധനയ്ക്ക് ശേഷം എസ് ഷാനവാസ് കലക്ടർ ഷീബ ജോർജിനെ കണ്ടു.
ജില്ലയിലെ റോഡുകളുടെ പൊതുസ്ഥിതി സംബന്ധിച്ച് കലക്ടർക്ക് ലഭിച്ച ചില പരാതികളുടെ വിവരങ്ങൾ ചർച്ചചെയ്‌തു. വരുംദിവസങ്ങളിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ പരിശോധന നടത്തും. 14 ജില്ലകളിലെയും കണക്കുകൾ ശേഖരിച്ച ശേഷം സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്ന് എസ് ഷാനവാസ് അറിയിച്ചു. ഓരോ പ്രവൃത്തിയുടെയും മെഷർമെന്റ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. ഇടുക്കിയിൽ 2330 കിലോമീറ്ററിൽ 7357.72 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..