18 September Saturday

അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം; തൊഴിലുടമ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
നെടുങ്കണ്ടം
കരുണാപുരത്ത് അതിഥി തൊഴിലാളിയെ ഹെൽമറ്റിന് തലയ് ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ തൊഴിലുടമയെ അറസ്‌റ്റ്‌ ചെയ്‌തു. 
ഇഷ്ടിക നിർമാണ ശാലയിൽ ജോലി ചെയ്തിരുന്ന നേപ്പാൾ റോത്താഡ് സ്വദേശിയായ ലാൽ കിഷോർ ചൗധരി(25)ക്കാണ് തലയ്‌ക്ക് അടിയേറ്റത്. സ്ഥാപന ഉടമ നാക്കുഴിക്കാട്ട് ബിജു സ്‌കറിയ(45)യാണ്‌ അറസ്‌റ്റിലായത്‌. ഇയാൾക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയിൽ ഇയാൾ തൊഴിലാളിയെ ഹെൽമെറ്റിന് തലയ്‌ക്ക്‌ അടിച്ച്‌ വീഴ്‌ത്തുകയായിരുന്നു. ബിജുവിന്റെ കട്ടക്കളത്തിൽ അഞ്ച് വർഷമായി ജോലി ചെയ്യുന്ന ലാൽ കിഷോർ ചൗധരി ഉൾപ്പെടെയുള്ള അതിഥി തൊഴിലാളികൾ ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ പണം ആവശ്യപ്പെട്ടിരുന്നു.  ഇതിൽ പ്രകോപിതനായാണ് സ്ഥാപന ഉടമ ഇയാളെ ആക്രമിച്ചതെന്ന് കമ്പംമെട്ട് പൊലീസ് പറഞ്ഞു. തൊഴിലാളികളും ബിജുവുമായി നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെ കരുണാപുരം ടൗണിൽ അതിഥി തൊഴിലാളികൾക്ക് നേരെ ബിജു കാറിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും അവർ ഓടിമാറി. കാറിടിച്ച്‌ ഒരു വ്യാപാര സ്ഥാപനത്തിനും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 
നാട്ടുകാർ തടഞ്ഞുവച്ചാണ്‌ ബിജുവിനെ പൊലീസിന്‌ അന്ന്‌ കൈമാറിയത്‌. ജാമ്യത്തിലിറങ്ങിയ ശേഷം ഇഷ്ടിക നിർമാണ ശാലയിൽ എത്തി തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ്‌  തൊഴിലാളിയെ ഹെൽമറ്റിന് തലയ്‌ക്ക്‌ അടിച്ച് വീഴ്ത്തിയത്. 
കമ്പംമെട്ട് സിഐ ജി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top