06 December Friday

മറയൂരില്‍ ഫ്രാന്‍സില്‍നിന്നൊരു വായനശാല

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 മറയൂർ

മറയൂർ മലനിരകൾക്ക‌് വായനയുടെ പുതുലോകം തീർക്കാൻ ഫ്രാൻസിൽനിന്നൊരു വായനശാല. ഫ്രാൻസിലെ ബോഷ്വാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ് അപ്ലൈയ്ഡ് സയൻസിലെ വിദ്യാർഥികളാ‌ണ‌് ചാനൽമേട് ഗ്രാമത്തിൽ പരിസ്ഥിതി സൗഹൃദ വായനശാല ഒരുക്കിയത‌്. 
ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ പതിനെട്ടംഗ സംഘം ഇല്ലി, മരത്തടികൾ, മണ്ണ് എന്നിവ ഉപയോഗിച്ച് പത്തുദിവസംകൊണ്ടാണ‌് വായനശാലയുടെ നിർമാണം പൂർത്തിയാക്കിയത‌്. ആദ്യഘട്ടം എന്ന നിലയിൽ 180 പുസ്തകങ്ങളും എത്തിച്ചു.  ചാനൽമേട് പട്ടികജാതി കോളനിയിൽ നൂറിലധികം കുടുംബങ്ങളാണുള്ളത്. ഇവിടുത്തെ കുട്ടികളെ വായനയിലേക്ക് ആകർഷിക്കുന്നതിനായി നിരവധി പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളും എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ വെഞ്ചർ എന്ന സന്നദ്ധ സംഘടനയാണ് ഫ്രാൻസിൽനിന്നുള്ള വിദ്യാർഥികളെ മറയൂരിലെത്തിച്ച‌ത‌്.
സംഘം അഞ്ചുനാടൻ ഗ്രാമങ്ങളിൽ അഞ്ഞൂറ് വർഷം മുമ്പുണ്ടായിരുന്ന ഭവന നിർമാണരീതിയും പരമ്പരാഗത കൃഷിയും പ്രാദേശികമായതും മൺമറഞ്ഞുപോയതുമായ ഭക്ഷണരീതിയും പഠനവിധേയമാക്കി. വായനശാല മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ ആരോഗ്യ ദാസ് ഉദ‌്ഘാടനം ചെയ‌്തു. വായനശാല ഒരുക്കുന്നതിനായി ജോഹിൻ തെറ്റയിലും സംഘവും പാട്ടത്തിനെടുത്ത ഭൂമിയാണ് വിട്ടുനൽകിയത്. ചടങ്ങിൽ എത്തിയവർക്ക് പ്ലാസ്റ്റിക്ക് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഫ്രാൻസിൽനിന്ന‌് എത്തിച്ച തുണിസഞ്ചികൾ നൽകി. 
എക്കോ വെഞ്ചർ പ്രതിനിധികളായ പ്രവീൺ മുരളീധരൻ, വിനോദ് വട്ടക്കാട്, വിനു വി നായർ, ഫ്രാൻസ് സംഘത്തിന്റെ പ്രതിനിധി എലുഡിക്മോൻഡ് എന്നിവർ പങ്കെടുത്തു. മറയൂരിലെ ശർക്കര നിർമാണം, ആദിവാസി കൃഷി എന്നിവടങ്ങൾ സന്ദർശിച്ചശേഷം 23ന് സംഘം മറയൂരിൽനിന്ന‌് മടങ്ങും.
 
 
പ്രധാന വാർത്തകൾ
 Top