25 August Sunday

ഹൈറേഞ്ച‌് തണുത്ത‌ു; ചൂടായി പുതപ്പ‌ുകച്ചവടം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

കട്ടപ്പനയിൽ കമ്പിളിപുതപ്പ്‌ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന മധ്യപ്രദേശ്‌ സ്വദേശി വിനോദ്

ഇടുക്കി > പെയ്യാൻ മടിച്ച മഴമേഘങ്ങൾ പൂർവാധികം ശക്തിയിൽ എത്തിയതോടെ ഉറങ്ങിക്കിടന്ന പുതപ്പുവ്യവസായത്തിനും പുത്തനുണർവ‌്. കേരളീയർക്ക‌് പുതച്ചുറങ്ങാൻ കമ്പിളിയുമായെത്തുന്ന നമ്മുടെ സ്വന്തം ‘ഭായിമാർ’ ജൂൺ ആദ്യം മുതൽ ജില്ലയിലാകെ സജീവമായിരുന്നു. എന്നാൽ, മഴ ചതിച്ചതോടെ ഇവരാകെ നിരാശയിലായി. കഴിഞ്ഞവർഷം മികച്ച വിൽപനയുണ്ടായിരുന്ന കമ്പിളി ഇത്തവണ പ്രതീക്ഷിച്ചത്ര വിറ്റുപോയില്ലെന്ന‌് രാജസ്ഥാൻ സ്വദേശിയായ ജഗദീഷ‌് പറയുന്നു. രാവിലെ മുതൽ വൈകിട്ട‌ുവരെ ഏറിയാൽ അഞ്ച‌് കമ്പിളികൾ മാത്രമാണ‌് വിൽക്കാൻ സാധിച്ചത‌്. വീടുകളിലടക്കം കേറി വിൽപന നടത്തിയിട്ടും ഇത‌് തന്നെയായിരുന്നു അവസ്ഥ.

മധ്യപ്രദേശ‌് മൊസൂർ സ്വദേശി വിനോദ‌് ഒമ്പത‌ുവർഷമായി കേരളത്തിൽ കമ്പിളി വ്യാവസായം ചെയ്യുന്നു. കഴിഞ്ഞ വർഷം ഉൾപ്പെടെ ജൂൺ തുടക്കം മുതൽ നല്ല വ്യാപാരം നടന്നിരുന്നുവെന്ന‌് വിനോദ‌് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഒരുദിവസം 25,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്നു. എന്നാൽ, ഇത്തവണ പല ദിവസങ്ങളിലും അയ്യായിരത്തിൽ ഒതുങ്ങുകയാണ‌് പതിവ‌്. കർക്കടകപെയ‌്ത്ത‌് കനത്തതോടെ നഷ്ടപ്പെട്ട പ്രതീക്ഷ തിരിച്ച‌ുകിട്ടിയിരിക്കുകയാണ‌് ഇവർക്ക‌്. ജൂണിൽ ഇല്ലാതായ വ്യവസായം ജൂലൈ, ആഗസ്ത‌് മാസങ്ങളിലായി ലഭിക്കുമെന്ന വിശ്വാസത്തിലാണിവർ.
 
100 മുതൽ 500 വരെയാണ‌് ഒരു പുതപ്പിന‌് വില. മധ്യപ്രദേശ‌്, രാജസ്ഥാൻ എന്നിവിടങ്ങിൽ നിന്നുള്ളവരാണ‌് കമ്പിളി വിൽപന‌യ‌്ക്കായി കേരളത്തിൽ എത്തുന്നതെന്നും പഞ്ചാബിലെ ലുധിയാനയിൽനിന്നാണ‌് ഇവ വരുന്നതെന്നും വിനോദ‌് പറയുന്നു. കമ്പിളി വിൽപനയ‌്ക്കായി മാത്രം കട്ടപ്പനയിൽ എഴുപതോളം പേരാണുള്ളത‌്. 
പ്രധാന വാർത്തകൾ
 Top