25 August Sunday

മാഫിയാ സംഘത്തിലെ പ്രധാനി ഹാഷിഷ് ഓയിലുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019
രാജാക്കാട്
കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനിയെ ഹാഷിഷ് ഓയിലുമായി രാജാക്കാട് പൊലീസ‌് അറസ്റ്റ‌് ചെയ്തു. രാജാക്കാട് കുത്തുങ്കൽ കൊച്ചുവീട്ടിൽ ബിജു(46)വാണ് ഒമ്നിവാനിൽ ഹാഷിഷ് ഓയിൽ കടത്തുന്നതിനിടയിൽ പിടിയിലായത്.
ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും 1.35 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. മുമ്പ് 84 കിലോ കഞ്ചാവുമായി ഒഡീഷയിൽവച്ച് പിടിയിലായ ഇയാളെ പത്തുവർഷത്തേക്ക‌് ശിക്ഷിച്ചു. ഇതിനിടയിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം കഞ്ചാവും ഹാഷിഷ് ഓയിലും ജില്ലയിലേക്കും സംസ്ഥാനത്തിന്റെ ഇതര മേഖലകളിലേക്കും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായും പ്രവർത്തിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മൂന്നാർ ഡിവൈഎസ‌്പി രമേഷ്‌കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് സിഐ എച്ച് എൽ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ‌് പഴയവിടുതിയിൽനിന്ന‌് പ്രതിയെ പിടികൂടിയത‌്. ഹാഷിഷ് ഓയിലിന്റെ ഉറവിടത്തെ കുറിച്ച‌് അന്വേഷിച്ചുവരികയാണെന്ന‌് പൊലീസ് പറഞ്ഞു. എസ്ഐ പി ഡി അനൂപ്‌മോൻ, എഎസ്ഐമാരായ സി വി ഉലഹന്നാൻ, സജി എൻ പോൾ, ആർ രമേശൻ, ഓമനക്കുട്ടൻ, അനീഷ്, ജോഷി, മഹേഷ്, ജിനോ, ബിനു, എബ്രഹാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top