17 June Monday

വനപാലകരുടെ മൂന്നാംമുറ; മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
ഏലപ്പാറ 
പെരിയാർ കടുവ സങ്കേതത്തിൽനിന്നും കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിലെ പ്രതികളെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. മെയ് അഞ്ചിന് പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയൽ, കൊമ്പുകുത്തി, കൊയ്നാട് എന്നീ പ്രദേശങ്ങളിൽനിന്നും പത്ത് പേരെ അഴുത റേഞ്ച‌് ഓഫീസിലെ വനപാലകർ പിടിച്ചുകൊണ്ട് പോയി കേസെടുത്ത് പീരുമേട് സബ‌് ജയിലിലടച്ചു. കേസിൽപെട്ടവരിൽ മൂന്ന് പേർ ആദിവാസികളുമാണ്‌. സംഭവത്തിന്റെ പേരിൽ പ്രതികളായവർക്കുനേരെ വനിതാ റേഞ്ച‌് ഓഫീസറും സംഘവും ചേർന്ന് മൂന്നാംമുറ പ്രയോഗിച്ചെന്നും ഫോറസ്റ്റ് നായയെകൊണ്ട് കടിപ്പിച്ചെന്നുമുള്ള കുറ്റം ചൂണ്ടിക്കാട്ടി പ്രതികളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തു വന്നിരുന്നു.
കേസിലെ പ്രധാന പ്രതിയെന്ന് വനപാലകർ പറയുന്ന കണയങ്കവയൽ ചാണകപറമ്പിൽ ജോസ് കുഞ്ഞിനും ഭാര്യ മറിയാമ്മയ‌്ക്കും വനപാലകരിൽനിന്നും നേരിടേണ്ടിവന്ന പീഡനങ്ങളും ദുരനുഭവങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട‌്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപ്പെടുന്നത്. കലക്ടർ, സംസ്ഥാന വനം വകുപ്പ് മേധാവി, അഴുത റേഞ്ച‌് ഓഫീസർ എന്നിവരോട് റിപ്പോർട്ട് തേടിയിരുന്നു. ലോകസമാധാന സംഘടന പ്രതിനിധി ഡോ. ഗിന്നസ് മാടസ്വാമി തൊടുപുഴയിൽ നടന്ന കമീഷൻ സിറ്റിങ്ങിൽ നേരിട്ട് നൽകിയ പരാതിയെ തുടർന്ന് 3080/19 നമ്പർ പ്രകാരം കേസിന്റെ അന്വേഷണം നടത്താൻ ഉത്തരവായി. മുമ്പ‌് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ രീതിയിലുള്ള റിപ്പോർട്ടല്ലെങ്കിൽ കമീഷൻ നേരിട്ടത്തി തെളിവടുപ്പ് നടത്തുമെന്ന് ഉറപ്പായി. തൊടുപുഴ സർക്കാർ അതിഥി മന്ദിരത്തിലായിരുന്നു മനുഷ്യാവകാശ കമീഷൻ സിറ്റിങ‌്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top