15 September Sunday

പൊള്ളുന്ന വേനലിൽ ഒരാശ്വാസം; കുളിരേകും ശ്രീനാരായണപുരം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
 രാജാക്കാട്
മൂന്നാർ നല്ലതണ്ണി മലനിരകളിലെ തണുപ്പും തെളിനീരുമായി പാറക്കെട്ടിലൂടെ ഒഴുകിയെത്തുന്ന   മുതിരപ്പുഴയാറിന്റെ മടിത്തട്ടിലെ ശ്രീനാരായണപുരം വെള്ളച്ചാട്ടം ചുട്ടുപൊള്ളുന്ന വേനലിൽ സഞ്ചാരികൾക്ക് കുളിരും ആശ്വാസവുമാണ‌്.
 ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ഈ കേന്ദ്രത്തിന്റെ ഹൃദയം പുഴയും അതിലെ അഞ്ച് വെള്ളച്ചാട്ടങ്ങളുമാണ‌്. പാറക്കെട്ടുകളുടെ ഇടയിലൂടെ ഒഴുകിയെത്തുന്ന തെളിനീർ നിറഞ്ഞ പുഴ മനസ്സിനും ശരീരത്തിനും കുളിരേകുന്നു. ഇരുകരകളിലും സ്പർശിച്ച‌ുകിടക്കുന്ന നിരപ്പാർന്ന പാറപ്പുറം നദിയുടെ നടുഭാഗത്തോളം ഇറങ്ങിച്ചെല്ലുന്നു. 150 അടിയിലേറെ താഴ്ചയുണ്ട് ആദ്യ ജലപാതത്തിന്. ചുറ്റിലും ഉയർന്നു നിൽക്കുന്ന കൃഷിയിടങ്ങൾ നിറഞ്ഞ മലകളും പ്രശാന്തമായ അന്തരീക്ഷവും പടിഞ്ഞാറൻ താഴ്‌വാരം കടന്നെത്തുന്ന കാറ്റും സൂര്യാസ്തമയ കാഴ്ചകളും മാസ‌്മരിക അനുഭവമാണ‌്. പ്രകൃതിദത്തമായ ഈ ചുറ്റുപാടുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാനത്തെ പ്രഥമ സീറോ വേസ്റ്റ് വിനോദസഞ്ചാര കേന്ദ്രമാണ് ഡിടിപിസി ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവിക ചുറ്റുപാടുകൾക്ക് മുറിവേൽക്കാത്ത വിധം ടൈൽ വിരിച്ച് ആകർഷകമാക്കിയ നടപ്പാതകൾ, പവലിയനുകൾ, ടോയ‌്‌ലറ്റ‌്, ഷോപ്പിങ‌് ഏരിയ, വ്യൂ പോയിന്റ‌്, കഫ‌്റ്റിരിയകൾ, ടിക്കറ്റ് കൗണ്ടർ, ആമ്പൽകുളം, കുടിവെള്ള സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട‌്. 
കഴിഞ്ഞവർഷം ഒന്നര ലക്ഷത്തോളം പേരാണ് വെള്ളച്ചാട്ടം സന്ദർശിച്ചത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രളയം കനത്ത പ്രഹരമേൽപ്പിച്ചപ്പോഴും ഇവിടെയെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിരുന്നില്ല. കടുത്ത ചൂടിനെ അവഗണിച്ചും ദിവസേന നൂറുകണക്കിന് സന്ദർശകരാണ് ഇപ്പോഴും എത്തുന്നത്. മികവിനുള്ള അംഗീകാരമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ ഗ്രീൻ കാർപെറ്റ് പദ്ധതിയിലേക്ക് ഇവിടം തെരഞ്ഞെടുത്തിരിക്കുകയാണ്. 
ഇതിന്റെ ഭാഗമായി വെള്ളച്ചാട്ടങ്ങളുടെ സമീപം വരെ എത്തി കാഴ്ചകൾ ആസ്വദിക്കുന്നതിനായി പടികളോടുകൂടിയ നടപ്പാത, കൈവരികൾ, ഡ്രസിങ‌് റൂം, പുഴയിൽ ഇറങ്ങി കുളിക്കുന്നതിനായി പ്രകൃതിദത്ത കുളിക്കടവ്, ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക്, വെള്ളച്ചാട്ടത്തിന‌് എതിർവശത്തായി പുഴയിലേക്കിറങ്ങി നിൽക്കും വിധമുള്ള പവലിയൻ തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുകയാണ്.
അടിമാലിയിൽനിന്നും കുഞ്ചിത്തണ്ണി വഴി പൂപ്പാറയ‌്ക്കുള്ള സംസ്ഥാനപാത പോകുന്ന തേക്കിൻക്കാനത്തിനും അടിമാലി‐ പൊന്മുടി റൂട്ടിലെ പന്നിയാർകുട്ടി ടൗണിനും നടുവിലായാണ് ഈ കേന്ദ്രം. ഈ രണ്ട‌് മെയിൻ റോഡുകളെയും ബന്ധിപ്പിക്കുന്ന തേക്കിൻകാനം‐ പന്നിയാർകുട്ടി റോഡിലൂടെ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇവിടെയെത്താം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top