24 May Friday

ചുവപ്പണിഞ്ഞ്‌ തൊടുപുഴ

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

 തൊടുപുഴ

തൊടുപുഴയെ ആവേശ ചുവപ്പണിയിച്ച് എൽഡിഎഫിന്റെ കൊട്ടിക്കലാശം. ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോയോടെയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പൊതുപ്രചാരണത്തിന് സമാപനം കുറിച്ചത്. തൊടുപുഴ മണ്ഡലം ഇടതുപക്ഷത്തിന്റെ കോട്ടയാകുമെന്ന് ഉറപ്പിക്കുന്നതായിരുന്നു മങ്ങാട്ടുകവലയിൽ തുടങ്ങി തൊടുപുഴ ഗാന്ധി സ്ക്വയറിൽ സമാപിച്ച വാഹനറാലി. ചെമ്പതാക വീശിയും ചെഞ്ചായം പൂശിയും വാരി വിതറിയും കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേ വികാരത്തോടെ കലാശക്കൊട്ടിൽ അണിനിരന്നു. വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ പ്രവർത്തകർ  മങ്ങാട്ടുകവലയിൽ കേന്ദ്രീകരിച്ച് ശക്തി പ്രകടനം നടത്തിയ ശേഷമാണ് നഗരത്തിലേക്ക് നീങ്ങിയത്. അനൗൺസ‌്മെന്റ് വാഹനത്തിന് പിന്നാലെ നാലുചക്ര, ഇരുചക്രവാഹനങ്ങൾ വരിവരിയായി നീങ്ങി.
കൊട്ടിക്കലാശത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ സാന്നിധ്യം കട്ടപ്പനയിലായിരുന്നിട്ടും തൊടുപുഴയുടെ ആവേശം ചോർന്നില്ല. പ്രവർത്തകർക്ക് നേതൃത്വം നൽകി സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം  കെ പി മേരി, എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ, നിയോജക മണ്ഡലം കൺവീനർ വി വി മത്തായി അടക്കമുള്ള എൽഡിഎഫ് നേതാക്കളും കൂടെച്ചേർന്നു.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഗാന്ധി സ്ക്വയർ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം ഒരുക്കിയത്. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസും എൻഡിഎ സ്ഥാനാർഥി ബിജു കൃഷ്ണനും തൊടുപുഴയിൽ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top