25 May Saturday

തൊഴിലാളി കേന്ദ്രങ്ങളിൽ വിജയാവേശം

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

വണ്ടിപ്പെരിയാർ മൂന്നാർ

തോട്ടം മേഖലയിൽ ആവേശമുയർത്തി എൽഡിഎഫിന്റെ കൊട്ടിക്കലാശം. ജോയ‌്സിന്റെ വിജയം വീണ്ടും ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ വിവിധ കേന്ദ്രങ്ങളിൽനടന്ന കൊട്ടിക്കലാശത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. വണ്ടിപ്പെരിയാർ, കുമളി, പീരുമേട്, പാമ്പനാർ, ഏലപ്പാറ, ഉപ്പുതറ, അണക്കര, അമരാവതി തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽ കൊട്ടിക്കലാശം സംഘടിപ്പിച്ചു. ബാൻഡ‌് മേളങ്ങളും ചെണ്ടയും കൊടിതോരണങ്ങളും ഇരുചക്ര വാഹന റാലികളും കൊട്ടിക്കലാശത്തിന്റെ മാറ്റുകൂട്ടി. 

പീരുമേട്ടിലാകെ നടത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട ജോയ്സ് ജോർജിനുള്ള അംഗീകാരവും മുൻ തെരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട വിജയം ഇത്തവണ സമ്മാനിക്കും. വണ്ടിപ്പെരിയാർ പാലവും കൊട്ടാരക്കര–- ദിണ്ഡുഗൽ ദേശീയപാത, കുമളി–- അടിമാലി ദേശീയപാതകളുടെ നിർമാണവും വലിയ ജനപിന്തുണ നേടിയെടുത്തു. ഇതോടൊപ്പം പളനി– ശബരിമല ദേശീയപാത നേടിയെടുക്കാൻ കഴിഞ്ഞതും ജോയ‌്സിന് കൂടുതൽ പിന്തുണ ലഭിക്കാൻ ഇടയാക്കിയിട്ടുണ്ട്.

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിന്റെ വിജയം ഉറപ്പിച്ച് മൂന്നാറിൽ കലാശക്കൊട്ട്. മൂന്നാർ ടൗണിൽ നൂറ‌്കണക്കിന് തൊഴിലാളികൾ ഉൾപ്പെടെ നിരവധി എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. യുവജനങ്ങൾ ബൈക്ക് റാലി നടത്തി. 

എൽഡിഎഫ് പ്രവർത്തകരുടെ ആവേശകരമായ മുദ്രാവാക്യം വിളിയിൽ ശുഷ‌്കമായ യുഡിഎഫ‌് ക്യാമ്പ‌്  പകച്ചുനിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ജോയ്സ് ജോർജിന് വോട്ട് ചെയ്യണമെന്ന അഭ്യർഥന മൈക്കിലൂടെ മുഴങ്ങിയപ്പോൾ അതുവഴിവന്ന ടൂറിസ്റ്റ് ബസുകളിൽനിന്നും എൽഡിഎഫ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളി പ്രവർത്തകരെ ആവേശം കൊള്ളിച്ചു. എൽഡിഎഫ് നേതാക്കളായ കെ വി ശശി, പി മുത്തുപ്പാണ്ടി, എസ് രാജേന്ദ്രൻ എംഎൽഎ, കെ കെ വിജയൻ, ടി എം മുരുകൻ എന്നിവർ നേതൃത്വം നൽകി.

 

പ്രധാന വാർത്തകൾ
 Top