25 May Wednesday

ധീരജ്‌ വധത്തിനുപിന്നിൽ ഡീന്‍ കുര്യാക്കോസിന്റെ 
ദുരന്ത നിവാരണസേന

സജി തടത്തിൽUpdated: Saturday Jan 22, 2022

ധീരജിനെ കൊലപ്പെടുത്തിയ കത്തിയിട്ടപ്രദേശം ഡോഗ് സ്ക്വാഡ് നേതൃത്വത്തിൽ പരിശോധിക്കുന്നു

 

 
ചെറുതോണി
ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ദുരന്തനിവാരണ സേനയിലെ അംഗങ്ങൾ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ ധീരജ് വധത്തിലെ പ്രതികളാണ്. ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റി കോൺഗ്രസ് ദുരന്തനിവാരണ സേനയെന്ന്‌ പേരിട്ട്‌ രാഷ്ട്രീയ കൊലപാതകങ്ങൾക്കും സാമൂഹ്യ സംഘർഷങ്ങൾക്കും ഉപയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക ഓഫീസും സംവിധാനങ്ങളുമുണ്ട്. പി ടി തോമസിന്റെ ആശിർവാദത്തോടെ ആരംഭിച്ച ഡീനിന്റെ ഗുണ്ടാസംഘമാണ് ഇടുക്കി എൻജിനിയറിങ് കോളേജിലെത്തി കൊല നടത്തിയതെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് കലാപമുണ്ടാക്കാനുള്ള കോൺഗ്രസ് തീരുമാനമാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും ഇടുക്കിയിൽ നടപ്പാക്കിയത്. 
ഗുണ്ടാസംഘങ്ങൾക്ക് കൃത്യമായ ആയുധപരിശീലനം നൽകിയതിന്റെ ചിത്രങ്ങളും മാധ്യമങ്ങളിൽ വന്നിട്ടുണ്ട്‌. മണ്ഡലത്തിലെ ഡീൻ കുര്യാക്കോസിന്റെ പരിപാടികൾ ഏറ്റെടുത്ത് നടത്തിവന്നത് ഈ സംഘമാണ്. ഡിസംബർ നാലിന് ചെറുതോണിയിൽ എംപി നടത്തിയ മുല്ലപ്പെരിയാർ പ്രശ്നത്തിലെ നിരാഹാരസമരത്തിന്റെ സംഘാടകരും ഇവരായിരുന്നു. നിരാഹാര സമരത്തിന്റെ തലേന്ന് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള സംഘം എൻജിനിയറിങ്‌ കോളേജിലെത്തി സംഘർഷമുണ്ടാക്കുകയും പൊലീസുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തതിന്റെ ദൃശ്യങ്ങളുണ്ട്. പുറത്തുനിന്നുള്ളവർ ക്യാമ്പസിൽനിന്ന് പോകാൻ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസുമായി സംഘർഷമുണ്ടായത്. അന്നുമുതൽ കൊലക്കത്തി എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. ജില്ലയുടെ മറ്റുചില കേന്ദ്രങ്ങളിലും ഇതുപോലെയുള്ള സംഘങ്ങളെ പരിശീലിപ്പിക്കുന്നതായും വിവരമുണ്ട്.
കരുതിക്കൂട്ടിചെയ്ത 
കൊലപാതകം
ഇടുക്കി എൻജിനിയറിങ് കോളേജിൽ കലാപമുണ്ടാക്കാനുള്ള പദ്ധതി യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ലാ നേതാക്കൾ നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക്‌ പരിശീലനവും നൽകി. എസ്എഫ്ഐ പ്രവർത്തകരായ ധീരജ്, അമൽ, അഭിജിത്ത് എന്നിവരെ കൊല്ലാൻ തന്നെയാണിവർ പദ്ധതിയിട്ടത്. പരിശീലനം ലഭിച്ചതിന്റെ തെളിവാണ് ഹൃദയത്തിലേക്ക് ആയുധം ആഴ്‌ന്നിറങ്ങാൻ നെഞ്ചിൽ കുത്തിയത്‌. എൻജിനിയറിങ് കോളേജ് തെരഞ്ഞെടുപ്പിനും വേട്ടെണ്ണലിനും ഇടയിലുള്ള സമയം കൃത്യത്തിനായി നീക്കിവച്ചത് എളുപ്പത്തിൽ രക്ഷപ്പെടാനാണ്. ഉച്ചയ്‌ക്കുതന്നെ കെഎസ്‌യു വിദ്യാർഥികളെല്ലാം ഹോസ്റ്റലുകൾ വിട്ടുപോകണമെന്ന് രാവിലെതന്നെ  നേതാക്കളുടെ നിർദേശമുണ്ടായിരുന്നു. കോളേജിനും ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള സ്ഥലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പെെലിയും കൂട്ടരും കൊലപാതകത്തിനായി തെരഞ്ഞെടുത്തതിലും കൃത്യത്തിനുശേഷം അരകിലോമീറ്റർ മാറി കത്തിയെറിഞ്ഞതിലും ആസൂത്രണമുണ്ട്‌.  കൊലപാതകശേഷം കലക്ടറേറ്റിലേക്കും ജില്ലാ പഞ്ചായത്ത്‌ ഹാളിലേക്കും പ്രതികൾ ഓടിക്കയറണമെന്ന തീരുമാനവും സംഘർഷത്തിനിടെയാണെന്ന് മാധ്യമങ്ങൾക്കുമുന്നിൽ വരുത്തിതീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, എൻജിനിയറിങ് കോളേജിൽ വോട്ടിങ്‌ സമാധാനപരമായിരുന്നുവെന്നും സംഘർഷമുണ്ടായില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചതോടെ കോൺഗ്രസിന് ന്യായീകരണമില്ലാതായി.
കൊലയാളികൾക്കായി വാഹനക്രമീകരണം ഒരുക്കിയതും പലസമയങ്ങളിലായി പ്രതികളെല്ലാം എറണാകുളത്തേക്ക് പോയതും ഉന്നത കോൺഗ്രസ്‌ നേതാക്കളുടെ അറിവോടെയാണ്. കൊലപാതകശേഷം കോടതിയിൽ ഹാജരാക്കാൻ കോൺഗ്രസ്‌ നേതാക്കളായ അഭിഭാഷകരുടെ പട്ടികപോലും തയ്യാറാക്കിയിരുന്നു. നേതൃതലത്തിൽ തയ്യാറാക്കിയ അരുംകൊല  ആയതിനാലാണ് പ്രതികൾക്കെതിരെ കോൺഗ്രസ് ഇതുവരെ നടപടി എടുക്കാത്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top