19 January Tuesday

കോടതിവിധി ഒറ്റുകാരുടെ വിജയം: കര്‍ഷകസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020

 ചെറുതോണി

മൂന്നാറിലെ എട്ട്‌ വില്ലേജുകളിൽ മാത്രമുണ്ടായിരുന്ന നിർമാണനിയന്ത്രണം ജില്ലയിലും സംസ്ഥാനത്താകെയും ബാധകമാക്കണമെന്ന സുപ്രീംകോടതി വിധി കേരളജനതയെ ഒറ്റിക്കൊടുത്ത കോൺഗ്രസ് നേതാക്കളുടെ വിജയമാണെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, സെക്രട്ടറി എൻ വി ബേബി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജില്ലയിലെ മുഴുവൻ കർഷകരെയും പ്രതിസന്ധിയിലാക്കിയതിൽ കോൺഗ്രസ് നേതാക്കൾ അട്ടഹസിക്കുകയാണെന്നും ഇവർക്ക് ചരിത്രം മാപ്പുനൽകില്ലെന്നും കർഷകസംഘം നേതാക്കൾ പറഞ്ഞു. 
നേരത്തെ മുതൽ ജില്ലയിലെ കർഷകർക്കെതിരായി കസ്തൂരിരംഗൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസിന്റെ കേന്ദ്രനേതൃത്വവും ജയറാം രമേശും തുടർന്നുവന്നതിന്റെ തുടർച്ചയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്‌.
2010ലെ ഹൈക്കോടതി വിധിയിലാണ് മൂന്നാറിന്റെ പരിസ്ഥിതി പ്രാധാന്യം പരിഗണിച്ച് നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഉത്തരവുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട്‌ വില്ലേജുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ഉത്തരവിട്ടു. എട്ട്‌ വില്ലേജിൽ മാത്രം പോര ജില്ലയിലെ കൃഷിഭൂമികളിൽ ഒരിടത്തും നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വാങ്ങിച്ചത് കോൺഗ്രസ് നേതാക്കൾ നൽകിയ കേസിലാണ്‌. എട്ട്‌ വില്ലേജിലെ നിയന്ത്രണം സംസ്ഥാനത്തെ മുഴുവൻ കർഷകരുടെ മേലും ബാധകമാക്കണമെന്ന ഹൈക്കോടതി വിധി  മാറ്റിക്കിട്ടുന്നതിനും കർഷകരെ രക്ഷിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. 
കർഷകർക്കെതിരായ വിധി നേടിയെടുത്ത കോൺഗ്രസുകാർ മലയോരകർഷകന്റെ നെഞ്ചിൽ ചവിട്ടിനിന്നാണ് ആനന്ദനൃത്തം ചവിട്ടുന്നതെന്നും ഇതിനെതിരെ ജില്ലയിലെ കർഷകർ ഒന്നാകെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മറുപടി നൽകുമന്നും നേതാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top