20 October Tuesday
25ന്‌ രാജ്യവ്യാപക പ്രക്ഷോഭം

കർഷകദ്രോഹ ബില്ലുകൾക്കെതിരെ സമരം 13 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
കട്ടപ്പന 
നരേന്ദ്രമോഡി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരെ 25ന്‌ ജില്ലയിൽ 13 ഏരിയ കേന്ദ്രങ്ങളിൽ സമരം നടക്കും. അഖിലേന്ത്യ കിസാൻ സംഘർഷ്‌ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ സമരം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ രാവിലെ 10 മുതൽ 12 വരെ 25നും 100നും ഇടയിൽ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ്‌ സമരങ്ങൾ. 1955 ലെ അവശ്യവസ്‌തു നിയമം ഭേദഗതി ചെയ്‌താണ്‌ മൂന്ന്‌ കർഷകദ്രോഹ ബില്ലുകൾ ഇറക്കിയത്‌. സ്വകാര്യവ്യക്തികൾക്ക്‌ ധാന്യങ്ങൾ, ഭക്ഷ്യ എണ്ണ, എണ്ണക്കുരു, പയർവർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ്‌ എന്നീ ഇനങ്ങൾ വാങ്ങി സൂഷിക്കാനും വിൽക്കാനുമുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു.
    കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനത്തിനുള്ളിലും അന്തർസംസ്ഥാന തലത്തിലും പരിധിയില്ലാതെ കടത്താം. കാർഷിക ഉൽപ്പന്ന വിപണന സമിതികളുടെ കാർഷികവിള സംഭരണ അവകാശം റദ്ദാക്കി. ബഹുരാഷ്ട്ര കുത്തകകൾക്കും കോർപറേറ്റുകൾക്കും വിപണി വിട്ടുകൊടുത്തു. ഇത്‌ പൊതുവിതരണം തകർക്കും. പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും വിലക്കയറ്റവും ഉണ്ടാകും. കാർഷിക വിളകൾക്കുള്ള താങ്ങുവിലയും എല്ലാ നിയമ പരിരക്ഷയും ഇല്ലാതാകും. 
സമരം വൻ വിജയമാക്കണമെന്ന്‌ സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ മാത്യു വർഗീസ്‌, കൺവീനർ എൻ വി ബേബി എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top