20 October Tuesday

8 വില്ലേജുകളിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കും: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
മൂന്നാർ 
ജില്ലയിൽ മൂന്നാർ ഉൾപ്പെടെ എട്ട് വില്ലേജുകളിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾക്ക്‌ ശാശ്വതപരിഹാരം കാണുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. പഴയ മൂന്നാറിൽ പുനർനിർമിക്കുന്ന തൂക്കുപാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മുപ്പതിനായിരത്തോളം ഉപാധിരഹിത പട്ടയമാണ് വിതരണം ചെയ്തത്. മുമ്പെങ്ങുമില്ലാത്ത വികസനപ്രവർത്തനമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്‌. 
ജില്ലയിലെ ഭൂപ്രശ്നം സംബന്ധിച്ച് സുപ്രീംകോടതിയിൽ സർക്കാർ വ്യക്തമായ നിലപാട് അറിയിക്കും. കർഷകരെ ദ്രോഹിക്കുന്ന ഒരു നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ല. കർഷകപ്രേമികൾ എന്ന് സ്വയം വിശേഷിപ്പിച്ച് ചിലർ ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. ഇവർ അധികാരത്തിലിരുന്നപ്പോൾ കർഷകർക്കുവേണ്ടി ഒന്നും ചെയ്തില്ല. കഴിഞ്ഞ നാലര വർഷത്തിനിടെ അഞ്ച് ജില്ലകളിൽ ആശുപത്രി വികസനത്തിനായി 50 കോടി രൂപയാണ്‌ ചെലവഴിച്ചത്. 
കോവിഡിനെതിരെ ശക്തമായ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണം. പൊലീസ്, ആരോഗ്യപ്രവർത്തകരുടെ നിർദേശം പാലിക്കണം. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചും കോവിഡിനെതിരെയുള്ള പോരാട്ടം തുടരണം. മൂന്നാറിലെ തിരക്ക് കുറയ്ക്കുന്നതിന് ഫ്ളൈ ഓവർ സർക്കാർ പരിഗണനയിലാണ്. ജനങ്ങളെ സംരക്ഷിക്കുന്ന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് എല്ലാവിധ സഹായങ്ങളുമുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, ആർ ഈശ്വരൻ, സിപിഐ മണ്ഡലം സെക്രട്ടറി പി പഴനിവേൽ, പഞ്ചായത്തംഗം ധനലക്ഷ്മി, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ സുരേഷ്‌കുമാർ, ജിനറ്റ് കോശി സ്കറിയ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top