20 October Sunday
ഇടുക്കി ഫിലിം ഫെസ്റ്റിവൽ

‘വിരാഗ്’ മികച്ച ചിത്രം; ജിതിൻരാജ് സംവിധായകൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
തൊടുപുഴ
ഇടുക്കി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ജിതിൻരാജ് സംവിധാനം ചെയ്ത ‘വിരാഗ്’ തെരഞ്ഞെടുക്കപ്പെട്ടു. ‘ലൂസർ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. അനുജയ് രാമനാണ് ലൂസറിന്റെ സംവിധായകൻ. പ്രത്യേക ജൂറി പുരസ്‌കാരം അരുൺ കെ വാണിയംകുളം സംവിധാനം ചെയ്ത  ‘സീസറിൻറ കുമ്പസാരം’ നേടി. 
വിരാഗിന്റെ സംവിധായകൻ ജിതിൻരാജാണ് മികച്ച സംവിധായകൻ. ലൂസറിലെ നായകൻ സാലി മരക്കാർ മികച്ച നടനായും വിരാഗിലെ നായിക മരിയ പ്രിൻസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സീസറിന്റെ കുമ്പസാരത്തിന്റെയും കുഞ്ഞാപ്പിയുടെയും ക്യാമറ നിർവഹിച്ച തായ‌് പ്രസാദാണ്‌ മികച്ച ക്യാമറാമാൻ.  
എഡിറ്റിങ്ങിനുള്ള പുരസ്കാരം സച്ചിൻ സത്യയും നേടി. സീസറിന്റെ കുമ്പസാരമാണ് സച്ചിന് പുരസ്‌കാരം നേടിക്കൊടുത്തത്.  മികച്ച ഷോർട്ട് ഫിലിമിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 
ഇടുക്കി പ്രസ്‌ ക്ലബ്ബും തൊടുപുഴ അൽ -അസ്ഹർ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായാണ് രണ്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരുക്കിയത്. മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ ഓർമയ്‌ക്കായി സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റിവലിൽ തെരഞ്ഞെടുത്ത 27 ഷോർട്ട്‌ ഫിലിമുകളാണ്‌ പരിഗണിച്ചത്‌. സംവിധായകൻ ജയരാജ്, മനോരമ ന്യൂസ് മുൻ ചീഫ് ക്യാമറമാൻ പി ജെ ചെറിയാൻ, ഫിലിം എഡിറ്റർ ശ്രീകുമാർ നായർ, തിരക്കഥാകൃത്ത് സനിൽ അബ്രാം എന്നിവരുടെ പാനലാണ് വിജയികളെ നിശ്ചയിച്ചത്. വാർത്ത സമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ്‌ അഷ്റഫ് വട്ടപ്പാറ, സെക്രട്ടറി എം എൻ സുരേഷ്, അൽഅസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ഡയറക്ടർ കെ എം മിജാസ്, മേള കോ ഓർഡിനേറ്റർ ഉണ്ണി രാമപുരം എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top