18 November Monday

യുവാവ്‌ കടത്തിണ്ണയിൽ മരിച്ച സംഭവം; 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
കട്ടപ്പന
പേഴുംകവല കുറുമണ്ണിൽ വിനോദിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മനഃപൂർവമായ നരഹത്യയ്ക്ക് പേഴുംകവല സ്വദേശികളായ കല്ലടയിൽ അനിൽ(46), ചേറ്റുതടത്തിൽ സി ആർ തങ്കച്ചൻ(52) എന്നിവരാണ്‌ അറസ്റ്റിലായത്‌. ജൂലൈ 19നാണ്‌ കേസിനാസ്‌പദമായ സംഭവം. രോഗത്തെ തുടർന്ന്‌ ആശുപത്രിയിലെത്തിയപ്പോൾ മദ്യപിക്കരുതെന്ന് വിനോദിനോട്‌ പറഞ്ഞിരുന്നു. എന്നാൽ, അന്ന്‌ വൈകിട്ട് പ്രതികൾ ഉൾപ്പെടെയുള്ളവരോട് വിനോദ്‌ മദ്യം ആവശ്യപ്പെട്ടു. ഇവർ നിരസിച്ചു. പിന്നീട്‌ മറ്റെവിടുന്നോ മദ്യപിച്ചശേഷം രാത്രിയിൽ ഇവരോട്‌ വീണ്ടും മദ്യം ചോദിച്ചു. തുടർന്ന്‌ തർക്കമുണ്ടാവുകയും വിനോദിനെ അനിൽ മർദിക്കുകയുമായിരുന്നു.
മർദനത്തിൽ പരിക്കേറ്റ്‌ അവശനായ വിനോദിനെ കടത്തിണ്ണയിൽ ഇരുത്തി പ്രതികൾ വീട്ടിലേക്ക്‌ മടങ്ങി. അതിനിടെ തങ്കച്ചൻ കടയുടെ ഫ്യൂസും ഊരിമാറ്റി. ഇരുട്ടായതോടെ വിനോദ് അവശനിലയിൽ ഇരിക്കുന്ന വിവരം യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടുമില്ല. പിറ്റേന്ന്‌ രാവിലെ വീട്ടുകാരാണ്‌ വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയത്തിൽനിന്നുള്ള പ്രധാന രക്തധമനി പൊട്ടിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. അവശനിലയിലായിട്ടും വിനോദിനെ ആശുപത്രിയിൽ എത്തിക്കാനോ വിവരം വീട്ടിൽ അറിയിക്കാനോ ശ്രമിക്കാതെ പ്രതികൾ മടങ്ങിയതും മരണ കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിഐ വിഎസ് അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top