25 August Sunday

തുടർകെടുതികളെയും അതിജീവിക്കും പുനർനിർമാണം: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കട്ടപ്പന
പ്രളയ ദുരന്തത്തിൽനിന്നുള്ള കരകയറൽ മാത്രമല്ല ഇതര പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവകൂടി അതിജീവിക്കുന്ന രീതിയിലുള്ള പുനർനിർമാണ‌മാണ‌് സർക്കാർ ലക്ഷ്യമെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ജനകീയം ഈ അതിജീവനം’ പരിപാടി കട്ടപ്പനയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഏതു ദുരന്തം വന്നാലും കഴിഞ്ഞ തവണ ഉണ്ടായതുപോലുള്ള നാശനഷ്ടങ്ങൾ സംഭവിക്കാൻ പാടില്ല. അതിജീവന ചുമതലയുള്ള കേരളം കെട്ടിപ്പടുക്കുകയും അതിലൂടെ സുസ്ഥിര വികസനം നടപ്പാക്കുകയുമാണ‌് സർക്കാർ. ആരൊക്കെ എതിർത്താലും പിന്നിൽനിന്ന‌് കുത്തിയാലും പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിച്ച‌് പുതിയൊരു നവകേരളം സൃഷ‌്ടിക്കാനായി സർക്കാർ മുന്നോട്ട‌ുപോവുക തന്നെ ചെയ്യും. പ്രളയം താണ്ഡവമാടിയ മണ്ണിനെ പുനർനിർമിക്കുക എന്ന ശ്രമകരമായ ദൗത്യവുമായാണ‌് നാം മുന്നോട്ട‌ുപോകുന്നത‌്. രാജ്യത്തിനകത്ത‌ുനിന്ന‌ും പുറത്തുനിന്നുമായി കേരളത്തെ സ‌്നേഹിക്കുന്നവർ സഹായവുമായെത്തി.
ഇതിനകം 4106 കോടിയോളം രൂപയാണ‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത‌്. കേരളത്തെ പൂർണമായും പുനർനിർമിക്കുന്നതിനുള്ള പണം നമുക്ക‌് കിട്ടുമായിരുന്നു‌. എന്നാൽ, പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽനിന്ന‌് വേണ്ട പിന്തുണയും സഹായവും കിട്ടിയിട്ടില്ല. യുഎഇയിൽനിന്ന‌് 700 കോടി രൂപ സഹായവാഗ‌്ദാനം നമുക്ക‌ു ലഭിച്ചു. ദൗർഭാഗ്യവശാൽ അത‌് സ്വീകരിക്കാനായില്ല. ഇത‌് സ്വീകരിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇതിന്റെ തുടർച്ചയായി കൂടുതൽ രാജ്യങ്ങളുടെ സഹായവും ലഭിക്കുമായിരുന്നു. എല്ലാം നഷ്ടപ്പെട്ട ജീവിതത്തിന്റെ മുൾമുനയിൽ നിന്നവർക്ക‌് കൈത്താങ്ങാവാൻ വേണ്ടിയാണ‌് ജീവനക്കാരിൽനിന്ന‌് ഒരു മാസത്തെ പണം സ്വീകരിക്കാൻ സാലറി ചലഞ്ച‌് തുടങ്ങിയത‌്. 51 ശതമാനം ജീവനക്കാർ ഈ ഉദ്യമത്തിൽ പങ്കെടുത്തു. ചില കോണുക‌ളിൽനിന്നുണ്ടായിട്ടുള്ള നിലപാടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തേണ്ടിയിരുന്ന പണം നഷ‌്ടപ്പെടുന്ന സാഹചര്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top