22 August Thursday

ഇത്‌ വീണ്ടെടുപ്പിൻ വിജയപർവം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ജനകീയം ഈ അതിജീവനം പരിപാടിയിൽ പങ്കെടുത്തവർ

കട്ടപ്പന 
ചരിത്രത്തിൽ സംസ്ഥാനം നേരിട്ട ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തമായിരുന്നു 2018ലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും.  സർവമേഖലകളിലും നാശം വിതച്ച പ്രളയശേഷം ഒരു പുതിയ കേരളം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നവകേരളത്തിന്റെ നിർമിതിയിൽ പ്രളയം പഠിപ്പിച്ച പാഠംകൂടി മുന്നിൽകണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 
  അതിജീവനത്തിന്റെ പാതയിൽ അശരണർക്ക് താങ്ങും തണലുമേകി മാനസിക പിന്തുണ കൊടുത്ത്‌ സർക്കാർ ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതികൾ ലക്ഷ്യത്തോട് അടുത്തു. വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ, കൃഷി നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകി അവരെ വീണ്ടും കൃഷിയിറക്കുന്നതിന് പ്രേരിപ്പിക്കൽ എന്നിങ്ങനെ വ്യക്തിഗത പിന്തുണയും തകർന്നുപോയ റോഡ്, പാലം ഉൾപ്പെടെയുള്ളവയുടെ പുനർനിർമാണങ്ങളും നടക്കുന്നു.  
പ്രളയശേഷം നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ബഹുജനസമക്ഷം അവതരിപ്പിക്കുന്നതിനാണ‌് ‘ജനകീയം ഈ അതിജീവനം’ സംഗമം സംഘടിപ്പിച്ചിച്ചത്. പണി പൂർത്തിയായ വീടുകളുടെ താക്കോൽദാനം, വീടിന്റെ വയറിങ്ങിന് ആവശ്യമായ കിറ്റ് വിതരണം, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ സന്നദ്ധ സംഘടനകളെ ആദരിക്കൽ, ഭൂമി നഷ്ടപ്പെട്ടവർക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയം എന്നിവ സംഗമത്തിൽ വിതരണം ചെയ‌്തു. 
 സംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. സന്നദ്ധ സംഘടനകളെയും വ്യക്തികളേയും ആദരിക്കൽ, പട്ടയവിതരണം, പണിപൂർത്തിയായ വീടുകളുടെ താക്കോൽ ദാനം എന്നിവയും മന്ത്രി നിർവഹിച്ചു. റോഷി അഗസ്റ്റ്യൻ എംഎൽഎ അധ്യക്ഷനായി‌. 
 കലക്ടർ എച്ച് ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. റസ‌്ക്യൂ ഓപ്പറേഷൻ സാമഗ്രികളുടെ വിതരണം എംഎൽഎമാരായ ഇ എസ്‌ ബിജിമോൾ, റോഷി അഗസ്റ്റ്യൻ എന്നിവർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ‌് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി ആർ ശശി, എ എൽ ബാബു, ദേവികുളം സബ് കലക്ടർ ഡോ. രേണു രാജ്, ആർഡിഒ അതുൽ എസ് നാഥ്, കട്ടപ്പന ഡിവൈഎസ‌്പി എൻ സി രാജ‌്മോഹൻ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ വി ആർ സജി, അനിൽ കൂവപ്ലാക്കൽ, മനോജ‌് എം തോമസ‌്, ഷാജി നെല്ലിപ്പറമ്പിൽ, കട്ടപ്പന നഗരസഭ കൗൺസിലർമാർ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ജോയി വെട്ടിക്കുഴി സ്വാഗതവും എഡിഎം ആന്റണി സ്കറിയ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top