16 September Monday

കാഴ‌്ചയുടെ നിറവസന്തമൊരുക്കി രാജാപ്പാറമേട്

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

രാജാപ്പാറമേട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ

ശാന്തൻപാറ
പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞുനിൽക്കുന്ന രാജാപ്പാറമേട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ‌്. പ്രകൃതി മനോഹാരിതയ‌്ക്കൊപ്പം നാടിന്റെ ഐതിഹ്യ പെരുമയും രാജാപ്പാറമേട്ടിലേക്ക‌് സഞ്ചാരികളെ ആകർഷിക്കുന്നു. ശാന്തൻപാറയ്ക്ക‌് സമീപമുള്ള രാജാപ്പാറമേടിൽ തമിഴ്നാട്ടിലെ തോണ്ടാമാൻ രാജവംശത്തിലെ രാജാവ് ഏറെ നാൾ ഒളിവിൽ താമസിച്ചതയാണ‌് ഐതിഹ്യം. പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തിൽനിന്നും താൽക്കാലിക രക്ഷ നേടിയാണ് ഇവിടെയെത്തിയത്. തന്റെ വാസസ്ഥാനത്തിന‌് ചുറ്റും മൺകോട്ട തീർത്തും ഒരു വംശത്തിന്റെ മുഴുവൻ സമ്പത്ത് ഇവിടുത്തെ വൻ മലയുടെ ചെരുവിൽ പാറയിൽ തീർത്ത അറയിൽ കാത്തുവച്ചുമാണ് രാജാവ് കഴിഞ്ഞത്. അറയുടെ കല്ലുകൊണ്ടുള്ള വാതിൽ തുറക്കാൻ ഒരു ചങ്ങലയും സ്ഥാപിച്ചു. സമീപത്തുള്ള തടാകത്തിലാണ് ചങ്ങലയുടെ മറ്റേയറ്റം ഒളിപ്പിച്ചിരിക്കുന്നത്. ചങ്ങല വലിച്ചാൽ മലയിലെ കൽ കതക് തുറക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഈ വമ്പൻ മലയ്ക്ക് കതകു പലകമേടെന്നും രാജാവ് താമസിച്ച സ്ഥലത്തിന‌് രാജാപ്പാറ എന്നും പേരുവന്നു. എന്നാൽ, ഇന്നും ചങ്ങലയും കതകും കണ്ടെത്താൻ ആർക്കുമായിട്ടില്ല. മൂന്നാർ‐ തേക്കടി സംസ്ഥാനപാതയിൽനിന്നും രണ്ട‌് കിലോമീറ്റർ ദൂരം ഏലക്കാട്ടിലൂടെ സഞ്ചരിച്ചാൽ കേരള‐ തമിഴ്നാട് അതിർത്തിയിലെ മനോഹരമായ രാജാപ്പാറയിൽ എത്താം. മുകളിലെത്തിയാൽ പഴയ ഒരു ചെക്ക് പോസ്റ്റിന്റെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം കാണാം. ബോഡിമെട്ട് റോഡ് വരുന്നതിന‌് മുമ്പ് തമിഴ്നാട്‐ കേരള വാണിജ്യ ബന്ധങ്ങൾ നടന്നിരുന്നത് ഇതുവഴിയാണ്. ഇവിടെ നിന്ന് തമിഴ്നാട്ടിലെ തേവാരത്തിലേക്ക് ഒരു കാട്ടുപാത ഇറങ്ങി പോകുന്നു. പതിനെട്ട‌് കൽപ്പടവുകൾ ഇറങ്ങി വേണം തമിഴ്നാട്ടിലെത്താൻ. അതിനാൽ പതിനെട്ടാംപടിമെട്ട് എന്നാണ‌് അറിയപ്പെടുന്ന‌ത‌്. ഇത് തുടങ്ങുന്നിടത്ത് മേൽക്കൂരയില്ലാത്ത ഓട്ട കോവിൽ ക്ഷേത്രവും സഞ്ചാരികളെ ആകർഷിക്കുന്നതാണ‌്. 250 മീറ്റർ കൂടി മുന്നോട്ട‌് ചെല്ലുമ്പോൾ കാഴ്ചയുടെ നിറവസന്തമാണ് കൺമുന്നിൽ വിരിയുക. തമിഴ്നാടിന്റെ വ്യത്യസ്തമായ ദൃശ്യം കാണാൻ സാധിക്കുന്നതിനൊപ്പം തണുത്ത കാറ്റിന്റെ തലോടലും സഞ്ചാരികളുടെ മനം കുളിർപ്പിക്കും. താഴെ കണ്ണെത്താദൂരത്തോളം നിറഞ്ഞുകിടക്കുന്ന കാറ്റാടിപ്പാടങ്ങൾ. അവയ്ക്കിടയിലെ കൃഷിയിടങ്ങളിലും ചെറിയ കുന്നുകളിൽ വെയിലും മേഘങ്ങളുടെ നിഴലും ചേർന്ന് സൃഷ്ടിക്കുന്ന വർണവിസ്മയങ്ങൾ. മലകളിൽ നീലയും കടുംപച്ചയും നിറങ്ങൾ ചേർത്ത് നിർവചനങ്ങളില്ലാത്ത മറ്റനേകം നിറങ്ങളും നിറഞ്ഞുകിടക്കുന്നു. കാഴ്ചകൾ മറക്കുന്ന മഞ്ഞും രാജാപ്പാറയുടെ പ്രത്യേകതയാണ്. മതികെട്ടാൻചോല ദേശീയ ഉദ്യാനത്തോട‌് ചേർന്നാണ് രാജാപ്പാറമേട് സ്ഥിതി ചെയ്യുന്നത്. ഇതിന‌് സമീപത്താണ് ചതുരംഗപ്പാറ മെട്ടും. അസുലഭ അനുഭൂതിയാണ് പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിലൂടെ ലഭിക്കുന്നത്.

പ്രധാന വാർത്തകൾ
 Top