18 August Sunday
ആദിവാസിക്കെന്തിന് റോഡ്?

തിരുവഞ്ചൂരിനെപ്പോലെ ആവരുത‌് പി ജെ ജോസഫ‌്: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 

ചെറുതോണി 
ആദിവാസിക്കെന്തിനാ റോഡ് എന്ന് ചോദിച്ച മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സമീപനം പി ജെ ജോസഫ് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. മലയോര ഹൈവേയുടെ ഭാഗമായി കുറത്തിക്കുടിയിലേക്കുള്ള റോഡ് രാത്രിയുടെ മറവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തപ്പോൾ കോൺഗ്രസ‌് നേതൃത്വവും മന്ത്രിയും ഉദ്യോഗസ്ഥർക്കൊപ്പമാണ് നിന്നത്.
പളനി–- ശബരിമല തീർഥാടന ഹൈവേയ‌്ക്കെതിരെ ചിലരുടെ നിലപാടുകളും ഇതേ രീതിയിലുള്ളതാണ‌്. മലയോരത്തുകൂടി എന്തിനാണ് ഹൈവേ എന്ന ചോദ്യമാണ് ചിലർ പറയാതെ പറയുന്നത്. മറയൂർ–- മൂന്നാർ–- സേനാപതി–- ചെമ്മണ്ണാർ–- നെടുങ്കണ്ടം–- തൂക്കുപാലം–- കട്ടപ്പന, കുട്ടിക്കാനം–- പെരുവന്താനം–- വള്ളിയങ്കാവ് വഴി കടന്നുപോകുന്ന ഹൈവേ കർഷകരുടെ സ്വപ്നമാണ്. 
നുണ മാത്രം പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതൃത്വം പറയുന്നത് ജനങ്ങൾ വിശ്വാസത്തിൽ എടുക്കാതായതോടെയാണ് പി ജെ ജോസഫിനെ കോൺഗ്രസ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഫ്രാൻസിസ് ജോർജ് എം പിയായിരിക്കെ അനുവദിപ്പിച്ച കാർഷിക പാക്കേജും ഇടുക്കി ഉദ്യാന പദ്ധതിയും പിന്നീട് വന്ന പി ടി തോമസ് ഇല്ലാതാക്കിയപ്പോൾ പ്രതികരിക്കാതിരുന്ന പി ജെ ജോസഫ് ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അത്ഭുതകരമാണ്. പ്രളയക്കെടുതിയിൽപെട്ടവർക്ക് ആയിരം വീട‌് നിർമിച്ച‌് നൽകുമെന്ന് കെപിസിസി പ്രഖ്യാപിച്ചിരുന്നു. ഇതിനായി വിദേശത്തുനിന്നും ഇന്ത്യയിൽനിന്നും വൻ തുക പിരിച്ചു. എന്നാൽ, ഒരു വീടുപോലും വച്ച് നൽകിയതായി നാട്ടുകാർക്ക് അറിയില്ല.
സംസ്ഥാന സർക്കാരിലേക്ക‌് നൽകിയത് 25,000 രൂപ മാത്രം. ജില്ലയിലെ പ്രളയക്കെടുതിയിൽ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയ‌്ക്ക‌് അർഹതപ്പെട്ടത് 2666 പേരാണ്. ഇതിൽ ഒരാൾക്കുപോലും ഇനി പണം നൽകാനില്ല. എന്നാൽ, ഒരാൾക്കുപോലും 10000 രൂപ വച്ച് നൽകിയിട്ടില്ലെന്നാണ് കോൺഗ്രസ് നുണ പ്രചാരണം നടത്തുന്നത്. മുപ്പത‌് ശതമാനം വരെ ഭാഗികമായും വീട് നഷ്ടപ്പെട്ട 1701 പേർക്ക് 60,000 രൂപ വച്ച് നൽകി. 60 ശതമാനം വരെ നഷ്ടപ്പെട്ട 1087 പേർക്ക് ഒന്നേകാൽ ലക്ഷം വീതവും 75 ശതമാനം നഷ്ടപ്പെട്ട് 805 പേർക്ക് രണ്ടര ലക്ഷം രൂപ വീതവും നൽകി.
പൂർണമായും വീട് നഷ്ടപ്പെട്ട 1721 പേർക്ക് ഒന്നാം ഗഡുവും ഭൂരിഭാഗം പേർക്ക‌് രണ്ടാം ഗഡുവും നൽകിക്കഴിഞ്ഞു. കൃഷിയും വളർത്തു മൃഗങ്ങളും നഷ്ടപ്പെട്ടവർക്ക് 67 ലക്ഷം രൂപ നൽകി. ആകെ 146.65 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ഇടുക്കിയിൽ ഭവന നിർമാണത്തിനായി നൽകി. 
വസ്തുത ഇതായിരിക്കെ നാട്ടിൽ മുഴുവൻ നുണ പ്രചരണം നടത്തുകയാണ് കോൺഗ്രസ്. പി ജെ ജോസഫിനെപ്പോലെ മാന്യനായ ഒരാൾ അവർക്കൊപ്പം ചേർന്ന് ദുരാരോപണങ്ങൾ ഉന്നയിക്കുന്നത് അഭികാമ്യമായി കരുതുന്നില്ല. ഹൈവേയുടെ പൂർത്തീകരണത്തിനായി ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ ജോയ്സ് ജോർജിനെ വിജയിപ്പിക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top