മൂലമറ്റം
വിഷുവിന്റെ വരവറിയിച്ച് പാതയോരങ്ങളിൽ സ്വർണവർണമണിഞ്ഞ് കണിക്കൊന്നകൾ. വിഷുവിന് ഇനി ഒരുമാസമുണ്ടെങ്കിലും നേരത്തെതന്നെ പൂത്തുലഞ്ഞ് വർണാച്ചാർത്തണിഞ്ഞു നിൽക്കുകയാണെങ്ങും. കൂടിവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവുമാണ് കാലവും കണക്കും തെറ്റിച്ച് കണിക്കൊന്ന പൂക്കാൻ കാരണമെന്ന് പറയുന്നു. ജനുവരി മുതൽ പലയിടത്തും കണിക്കൊന്ന പൂത്ത് തുടങ്ങിയിരുന്നു. മണ്ണിലെ ജലാംശം പരിധിവിട്ട് കുറയുമ്പോഴാണ് കണിക്കൊന്ന പൂവിടുന്നത്. കണിക്കൊന്നയുടെ സ്വർണനിറം കൂട്ടുന്നതും ചൂടിന്റെ കാഠിന്യംകൊണ്ടാണ്. ഇതോടെ പതിവായി മാർച്ച് അവസാനത്തോടെ എത്തിയിരുന്ന കണിക്കൊന്നക്കാലം മാറി. കൊടും വേനലിന് തൊട്ടുമുമ്പ് പൂവിടുകയും കാലവർഷ തുടക്കത്തിൽ വിത്തുകൾ പാകപ്പെടുകയും ചെയ്യുന്ന മരമാണ് കണിക്കൊന്ന. കേരളത്തിന്റെ സംസ്ഥാന പുഷ്‌മായ കണിക്കൊന്ന തായ്‌ലൻഡിന്റെയും ദേശീയ പുഷ്‌പവുമാണ്. 15 മീറ്റർ വരെ ഉയരത്തിൽ കൊന്നമരം വളരും. 50 സെന്റിമീറ്റർ വരെയാണ് പൂങ്കുലകളുടെ നീളം. പൂക്കൾ ഔഷധഗുണമുള്ളതെന്നും പറയപ്പെടുന്നു. നേരത്തെ പൂക്കുന്നതിനാൽ വിഷുക്കാലത്ത് കൊന്നപ്പൂ കിട്ടാത്ത അവസ്ഥയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..