04 April Saturday
സഫലം 2020

ഓൺലൈനായി ലഭിച്ചത്‌ 96 പരാതികൾ; 90 എണ്ണത്തിൽ പരിഹാരം

സ്വന്തം ലേഖകന്‍Updated: Friday Feb 21, 2020

 

തൊടുപുഴ
സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന അദാലത്ത് ‘സഫലം 2020’ ന്റെ ആദ്യ ഘട്ടത്തിന്‌ തൊടുപുഴയിൽ തുടക്കം. ഓൺലൈനായി ലഭിച്ച 96 പരാതികളിൽ 90 എണ്ണവും ചുരുങ്ങിയ സമയത്തിനകം പരിഹരിച്ചു.  
അദാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായാണ്‌ സ്വീകരിച്ചത്‌. പരാതിക്കാരെയും എതിർകക്ഷികളെയും ഒരുമിച്ചിരുത്തി വകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കലക്ടറുടെ നേതൃത്വത്തിൽ പരാതികൾ പരിശോധിച്ചത്. 
വിവിധ ഭവന പദ്ധതികൾ പ്രകാരം അപേക്ഷിച്ചിട്ടും വീട് ലഭിക്കാത്തവ, വസ്തു അതിർത്തി തർക്കം, സർവേ നമ്പർ തിരുത്തൽ, ബാങ്ക് വായ്‌പാ തിരിച്ചടവും ഇളവും, റോഡ് പുറമ്പോക്കിലെയും പുഴയോരത്തേയും ഭൂമി കൈയേറ്റം, ഭൂമി പോക്ക് വരവ് ചെയ്ത് നൽകാത്തത്, വൈകുന്ന റീസർവേ തുടങ്ങിയ വിഷയങ്ങളിലായിരുന്നു കൂടുതൽ പരാതി. 
ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്‌ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. 57 പരാതി. പഞ്ചായത്തുകളുമായി ബന്ധപ്പെട്ട 19 പരാതികളുമെത്തി. മറ്റു വിവിധ വകുപ്പുകൾ സംബന്ധിച്ച്‌ 20 പരാതികളുമെത്തി. അദാലത്തിനോട് അനുബന്ധിച്ച് തയാറാക്കിയ കൗണ്ടറിൽ പുതുതായി 64 പരാതികൾ സ്വീകരിച്ചു. ഇവ തരം തിരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് പരിഹാരത്തിന്‌ കൈമാറി. അദാലത്തിലെത്തിയവർക്കായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്‌കുകളും തയാറാക്കി. വകുപ്പ്‌ ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു. ചികിത്സാ സഹായം, പ്രളയ ദുരിതാശ്വാസം ലൈഫ് പദ്ധതി തുടങ്ങിയവ സംബന്ധിച്ച പരാതികൾ ഒഴികെയുള്ളവ മാത്രമാണ് ഓൺലൈനിൽ സ്വീകരിച്ചത്. എഡിഎം ആന്റണി സ്‌കറിയ, ഡെപ്യൂട്ടി കളക്ടറും താലൂക്ക് നോഡൽ ഓഫീസറുമായ എസ് ഹരികുമാർ, ഡെപ്യൂട്ടി കലക്ടർമാരായ സാബു കെ ഐസക്, തൊടുപുഴ തഹസീൽദാർ കെ എം ജോസുകുട്ടി, അലക്സ് ജോസഫ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top