05 June Monday

മുള്ളനും കിട്ടുവും പാഞ്ഞെത്തും ബാബുവിനെ കണ്ടാൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

തേക്കടി ആരണ്യനിവാസിലെത്തിയ മുള്ളൻപന്നികൾക്ക് ഭക്ഷണം നൽകുന്ന ബാബുവും സുഹൃത്തും

കുമളി
ആളുകൾ ഒരു വിളിപ്പാടകലെ നിർത്തുന്ന മുള്ളൻപന്നി മുതൽ മ്ലാവും കുരങ്ങനും വരെ തേക്കടിയിലെ ആരണ്യനിവാസിലെ ബാബുവിന്റെയും സുഹൃത്തുക്കളുടെയും ഉറ്റചങ്ങാതിമാർ. തേക്കടിയിൽ കെടിഡിസിയുടെ ആരണ്യനിവാസ്‌ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ മേരികുളം സ്വദേശി ബാബുവിന്റെ കെെയിൽനിന്ന് കിഴങ്ങും കപ്പയുമൊക്കെ കഴിക്കുന്ന മുള്ളൻപന്നി സഞ്ചാരികൾക്കും അതിഥികൾക്കും അത്‌ഭുത കാഴ്‌ചയാണൊരുക്കുന്നത്‌. കിട്ടുവെന്ന കുരങ്ങനും മ്ലാവുമൊക്കെ ഭക്ഷണം തേടി ബാബുവും കൂട്ടുകാരായ സെക്യൂരിറ്റി ജീവനക്കാർക്കടുത്ത്‌ എത്താറുണ്ട്. വിജയൻ, ബേബി ഏബ്രഹാം, പ്രദീപ്‌ എന്നിവരാണ് ബാബുവിനൊപ്പം ജോലിചെയ്യുന്ന മറ്റ്‌ ജീവനക്കാർ. ഇവരുമായും മൃഗങ്ങൾ സൗഹൃദത്തിലായതിന്റെ കഥയും രസകരമാണ്.     ആർമിയിൽനിന്ന് വിരമിച്ച ബാബു ഏഴുവർഷം മുമ്പാണ് ആരണ്യനിവാസിൽ ജോലിക്കെത്തുന്നത്. നാലുവർഷം മുമ്പാണ്‌ യാദൃച്ഛികമായി മുള്ളൻപന്നിയുമായി ചങ്ങാത്തത്തിലാകുന്നത്‌. കൂട്ടത്തിലുള്ള ഒരു മുള്ളൻപന്നിക്കുഞ്ഞ് ഭയമില്ലാതെ അടുത്തുനിന്നപ്പോൾ ബാബു മുറിയിലുണ്ടായിരുന്ന ഉരുളക്കിഴങ്ങ്‌ നൽകിയതുമുതൽ ചങ്ങാത്തം തുടങ്ങി. മുള്ളൻപന്നിയെ പ്രതീക്ഷിച്ച്‌ ബാബുവും കൂട്ടുകാരും ദിവസവും എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കരുതാനും തുടങ്ങി. പിന്നീടാണ്‌ ഇവ കൂട്ടമായി എത്താൻ തുടങ്ങിയത്.
     സാധാരണ മുള്ളൻപന്നിയെ ആളുകൾ ഭയത്തോടെയാണ്‌ കാണുന്നത്‌. ശത്രുവിനെ നേരിടാൻ എപ്പോഴും വിരിഞ്ഞുനിൽക്കുന്ന മുള്ളുകൾ കാഴ്‌ചക്കാരിൽ ഭയമുളവാക്കും. എന്നാൽ, ബാബുവും സുഹൃത്തുക്കളും ഭയമില്ലാതെ ഇവയുടെ അടുത്തേക്ക്‌ പോകാറുണ്ട്‌. ‘കിട്ടു’ എന്ന കുരങ്ങും ബാബുവുമായി അടുത്ത സൗഹൃദം പുലർത്തുന്നു. അടുത്തെത്തുക മാത്രമല്ല, തലയിലും തോളിലും കയറിയിരിക്കുക, പോക്കറ്റിൽനിന്ന്‌ ഭക്ഷണസാധനങ്ങളും മൊബൈൽ ഫോണും എടുക്കുക  എന്നിവയൊക്കെയാണ്‌ കിട്ടുവിന്റെ വിനോദം. ഇതുപോലെ തന്നെയാണ്‌ തള്ളയും മൂന്നുകുഞ്ഞുങ്ങളും അടങ്ങുന്ന മ്ലാവിന്റെ കുടുംബവും. മ്ലാവിനെ മോളിക്കുട്ടിയെന്ന്‌ വിളിച്ചാൽ അടുത്തെത്തും. പിന്നാലെ മക്കളും ഓടിയെത്തുന്നതും കൗതുകമാണ്. ആരണ്യനിവാസിന്‌ സമീപം മിക്കപ്പോഴും ഇവയെല്ലാമുണ്ടാകും. 
     മദ്രാസ്‌ റെജിമെന്റിൽ ആർമിയിൽ ജോലിചെയ്ത കാലം കാക്കയുമായുള്ള ചങ്ങാത്തം കൗതുകത്തോടെയാണ്‌ ബാബു ഇപ്പോഴും ഓർമിക്കുന്നത്‌. ആർമിയിൽ ഇരുപത്‌ വർഷത്തോളം ജോലി നോക്കി. അഞ്ഞൂറോളം പേർ ഇവിടെയുണ്ടായിരുന്നെങ്കിലും കാക്കയ്‌ക്ക്‌ ചങ്ങാത്തം ബാബുവിനോട്‌ മാത്രമായിരുന്നു. വേഷം മാറിയാലും ബാബുവിനെ കാക്ക തിരിച്ചറിയുമായിരുന്നു. തിയറ്ററിൽ സിനിമ കാണാൻ പോയാലും ചന്തയിൽ സാധനങ്ങൾ വാങ്ങാൻ പോയാലും കാക്ക എപ്പോഴും കൂട്ടിനുണ്ടായിരുന്നതും ബാബു ഓർക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top